കൊറോണ : ആപത്ഘട്ടം മറികടന്നെന്ന്  ചൈന ; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു ; ഇന്നലെ 15 കേസുകള്‍

താല്‍ക്കാലിക ആശുപത്രികളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്
കൊറോണ : ആപത്ഘട്ടം മറികടന്നെന്ന്  ചൈന ; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു ; ഇന്നലെ 15 കേസുകള്‍

ബീജിങ് : ലോകത്ത് മരണം വിതച്ച് കൊറോണ വൈറസ് രോഗബാധ മുന്നേറുമ്പോള്‍, കൊവിഡിന്റെ അപകടഘട്ടം തരണം ചെയ്തതായി ചൈന. 116 ഓളം രാജ്യങ്ങളില്‍ വ്യാപിക്കുകയും, 4300 ലേറെ മരണവുമാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തീവ്രമായതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ തൊട്ടു പിറ്റേദിവസം തന്നെ, കൊറോണയുടെ ആപത്ഘട്ടം മറികടന്നതായി ചൈന പ്രഖ്യാപിച്ചു. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വക്താവ് മി ഫെംഗാണ് ഇക്കാര്യം പ്രസ്താവിച്ചത്. പകര്‍ച്ചവ്യാധിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടം രാജ്യം മറികടന്നതായി ഫെംഗ് പറഞ്ഞു. 

ബുധനാഴ്ചത്തെ കണക്കു പ്രകാരം ചൈനയിലാകെ 15 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം 24 കേസുകള്‍ എന്ന നിലയില്‍ നിന്നാണ് വൈറസ് ബാധ 15 ലേക്ക് ചുരുങ്ങിയത്. ഹ്യൂബെ പ്രവിശ്യയ്ക്കു പുറത്ത് പുതുതായി ഏഴ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും ചൈനയില്‍ എത്തിയവരാണ്. ഗ്യാങ്‌ഡോങ് പ്രവിശ്യയില്‍ മൂന്ന്, ഗാങ്‌സൂവില്‍ രണ്ട്, ഹെനാനില്‍ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.  

രോഗം ആദ്യം കണ്ടെത്തിയ വുഹാനില്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താല്‍ക്കാലിക ആശുപത്രിയിലെ അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ താല്‍ക്കാലിക ആശുപത്രികളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോള്‍ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നില്‍ കിടക്കുന്ന ചിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡെയ്‌ലി പുറത്തുവിട്ടിരുന്നു.

വൈറസ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായും പ്രാദേശിക ഭരണ നേതൃത്വം വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങള്‍ ഉടന്‍ ലഘൂകരിക്കും. ഹ്യൂബെയിലെ രണ്ട് നഗരങ്ങളിലെയും കൗണ്ടികളിലെയും ചില വ്യവസായ സ്ഥാപനങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. 11 ദശലക്ഷം പേര്‍ ജീവിക്കുന്ന വുഹാനില്‍ യാത്രാ നിയന്ത്രണങ്ങളുള്‍പ്പെടെ ഏര്‍പ്പെടുത്തിയതിന്റെ ഫലമാണ് ഇതെന്നാണ് ചൈനീസ് അധികൃതരുടെ അവകാശ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com