കൊറോണ ചൈനയില്‍ ആദ്യം കണ്ടെത്തുന്നത് നവംബറില്‍ ?; ലോകാരോഗ്യസംഘടനയുടെ വാദം തെറ്റ്, റിപ്പോര്‍ട്ട്

ഡിസംബര്‍ പകുതിയോടെയാണ് വുഹാനിലെ കൊറോണ വൈറസ് ബാധ പുറംലോകത്തെത്തുന്നത്
കൊറോണ ചൈനയില്‍ ആദ്യം കണ്ടെത്തുന്നത് നവംബറില്‍ ?; ലോകാരോഗ്യസംഘടനയുടെ വാദം തെറ്റ്, റിപ്പോര്‍ട്ട്

ബീജിങ് : ലോകത്തെ ഭീതിയിലാക്കി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ചൈനയില്‍ ആദ്യം കണ്ടെത്തിയത് നവംബര്‍ മാസത്തിലെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 17 ന് ഹ്യൂബെ പ്രവിശ്യയിലുള്ള 55 കാരന്‍ അസാധാരണ രോഗവുമായി ചികില്‍സ തേടിയെത്തിയിരുന്നതായി ആരോഗ്യ വകുപ്പിന്റെ രേഖകള്‍ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന് മുമ്പ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പിന്റെ രേഖകളില്‍ വ്യക്തമല്ലെന്നും പത്രം പറയുന്നു.

തൊട്ടുപിന്നാലെ നാലു പുരുഷന്മാരും അഞ്ച് സ്ത്രീകളും ചികില്‍സ തേടിയെത്തി. എല്ലാവരും  39 നും 79 നും ഇടയില്‍ പ്രായമുള്ളവരുമായിരുന്നു. എന്നാല്‍ ഇവരെല്ലാം വുഹാന്‍ സ്വദേശികളാണോ എന്ന് അറിവില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുപേര്‍ വരെ അജ്ഞാത വൈറസ് രോഗവുമായി ചികില്‍സയ്‌ക്കെത്തിയിരുന്നു. 

ഡിസംബര്‍ പകുതിയോടെയാണ് വുഹാനിലെ കൊറോണ വൈറസ് ബാധ പുറംലോകത്തെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പ്രകാരം കൊറോണ വൈറസ് രോഗബാധ ആദ്യം കണ്ടെത്തുന്നത് ഡിസംബര്‍ എട്ടിനാണെന്നാണ്. എന്നാല്‍ ഡിസംബര്‍ ഒന്നിന് തന്നെ കൊറോണ ബാധിച്ച് രോഗി ചികില്‍സയ്ക്ക് എത്തിയിരുന്നതായി ചൈനീസ് ഡോക്ടര്‍മാരുടെ മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍ വുഹാനിലെ ജിനിന്‍ടാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഡിസംബര്‍ അവസാനത്തോടെ തന്നെ വുഹാനിലെ ഡോക്ടര്‍മാര്‍ ഭീതിദമായ വൈറസ് ബാധയാണ് ഇതെന്ന് മനസ്സിലാക്കിയിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍്ട്ട് ചെയ്യുന്നു. ഡിസംബര്‍ അവസാനം 266 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ 2020 ജനുവരി ആദ്യദിനം തന്നെ ഇത് 381 ആയി ഉയര്‍ന്നു. മാര്‍ച്ചിലാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ രണ്ടുമാസം മുമ്പ്, ജനുവരി മുതല്‍ തന്നെ ചൈനയിലെ ശാസ്ത്രഗവേഷകര്‍ കൊവിഡിന്റെ രോഗവ്യാപനം അടക്കമുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാനും പ്രതിരോധിക്കാനുമുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com