ലോക്ക്ഡൗണിൽ ബോറടി; കറങ്ങാനായി കുട്ടി മോഷ്ടാക്കളുടെ സംഘം അടിച്ചുമാറ്റിയത് 46 കാറുകൾ; സംഘത്തിൽ ഒൻപത് വയസുകാരൻ വരെ!

ലോക്ക്ഡൗണിൽ ബോറടി; കറങ്ങാനായി കുട്ടി മോഷ്ടാക്കളുടെ സംഘം അടിച്ചുമാറ്റിയത് 46 കാറുകൾ; സംഘത്തിൽ ഒൻപത് വയസുകാരൻ വരെ!
ലോക്ക്ഡൗണിൽ ബോറടി; കറങ്ങാനായി കുട്ടി മോഷ്ടാക്കളുടെ സംഘം അടിച്ചുമാറ്റിയത് 46 കാറുകൾ; സംഘത്തിൽ ഒൻപത് വയസുകാരൻ വരെ!

വാഷിങ്ടൻ: ലോക്ക്ഡൗണിനെ തുടർന്ന് സ്കൂൾ അടച്ചിട്ടതോടെ വീട്ടിലിരുന്ന് ബോറടിച്ച ഒരുകൂട്ടം കുട്ടികൾ സംഘം ചേര്‍ന്ന് കാറുകള്‍ മോഷ്ടിച്ച് കറങ്ങാനിറങ്ങി. മോഷണം കൂടിയതോടെ തലവേദനയായത് പൊലീസിനും. 

കാര്‍ ഡീലര്‍ഷിപ്പുകളില്‍ കുട്ടി മോഷ്ടാക്കളുടെ മോഷണം വര്‍ധിച്ചതോടെയാണ് പൊലീസ് നട്ടംതിരിഞ്ഞത്. ഒടുവില്‍ കുട്ടി സംഘത്തിലെ നാല് പേരെ പൊലീസ് പൊക്കിയതോടെ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുഎസിലെ നോര്‍ത്ത് കരോലിനയിലാണ് ലോക്ക്ഡൗണിനിടെ കുട്ടിക്കുറ്റവാളികളുടെ കാര്‍ മോഷണങ്ങൾ അരങ്ങേറിയത്. 

ഒരു മാസത്തിനിടെ വിവിധ കാര്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നായി 46 മോഷണക്കേസുകളാണ് വിന്‍സ്റ്റണ്‍ സാലേം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഒരു 19 കാരനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പേരെയും പൊലീസ് പിടികൂടിയതോടെയാണ് മോഷണ പരമ്പരകളുടെ ചുരുളഴിഞ്ഞത്. 

16 വയസിന് താഴെ പ്രായമുള്ള ഏകദേശം 19 ഓളം കുട്ടികള്‍ ഇത്തരത്തില്‍ കാര്‍ മോഷ്ടിച്ച് കറങ്ങി നടക്കുന്നുണ്ടെന്നാണ് പൊലീസിന് ഇവരില്‍ നിന്ന് ലഭിച്ച വിവരം. ഒൻപത് വയസുകാരന്‍ മുതല്‍ ഇക്കൂട്ടത്തിലുണ്ട്. ലോക്ക്ഡൗണ്‍ കാരണം സ്‌കൂള്‍ അടച്ചിട്ടതോടെ വീട്ടിലിരുന്ന് ബോറടിച്ചെന്നും അതിനാലാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കാര്‍ മോഷ്ടിച്ച് കറങ്ങി നടക്കുന്നതെന്നുമായിരുന്നു കുട്ടികളുടെ മൊഴി. ആദ്യത്തെ മോഷണങ്ങള്‍ പിടിക്കപ്പെടാതെ വിജയിച്ചതോടെ ഇവര്‍ ആവര്‍ത്തിക്കുകയായിരുന്നു. 

അതിനിടെ ആദ്യം മോഷണത്തിനിറങ്ങിയ കുട്ടികള്‍ വില കൂടിയ കാറുകളുമായി കറങ്ങി നടക്കുന്നത് കൂട്ടുകാരും കണ്ടു. ഇതോടെ ഇവര്‍ക്കും കാറുകള്‍ മോഷ്ടിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുകയും കൂടുതല്‍ പേര്‍ മോഷണത്തിനിറങ്ങുകയുമായിരുന്നു. 

കഴിഞ്ഞ ദിവസം പിടിയിലായ നാല് പേരില്‍ നിന്ന് ആറ് കാറുകളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും 19 കാരന്റെ അറസ്റ്റ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. മോഷണ പരമ്പരയിലെ ബാക്കി കുട്ടി മോഷ്ടാക്കളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com