ഒരു നിലവാരവുമില്ല; ചൈനയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി

ഒരു നിലവാരവുമില്ല; ചൈനയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി
ഒരു നിലവാരവുമില്ല; ചൈനയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി

ഇസ്ലാമാബാദ്: വലിയ വില നൽകി ചൈനയിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ, ബം​ഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, കെനിയ, അൾജീരിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഉപകരണങ്ങൾ വാങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു. അന്തർവാഹനികളും ഇടത്തരം യുദ്ധക്കപ്പലുകളും അടക്കമുള്ളവയെല്ലാം വളരെ വേഗം കേടു വന്നതിനാൽ അവയൊന്നും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. 

പാകിസ്ഥാൻ കര- നാവിക സേനകൾ അടുത്ത സുഹൃത്തായ ചൈനയിൽ നിന്ന് നിരവധി പ്രതിരോധ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. അവയിൽ പലതും ഇപ്പോൾ തകരാറിലായ നിലയിലാണ്. എഫ്22പി ഇടത്തരം യുദ്ധക്കപ്പലുകൾ പാക് നാവികസേന അടുത്തിടെ ചൈനയിൽ നിന്ന് വാങ്ങിയിരുന്നു. നിരവധി തകരാറുകളാണ് ഇപ്പോൾ അതിനുള്ളതെന്നാണ് വിവരം. പാക് കരസേന ചൈനയിൽ നിന്ന് ഒൻപത് മൊബൈൽ മിസൈൽ സംവിധാനങ്ങൾ വാങ്ങിയിരുന്നു. അവയിൽ മൂന്നെണ്ണം ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്.

2017ൽ നൂറ് കോടി അമേരിക്കൻ ഡോളർ വീതം ചെലവഴിച്ചാണ് ബംഗ്ലാദേശ് ചൈനയിൽ നിന്ന് രണ്ട് അന്തർവാഹനികൾ വാങ്ങിയത്. 1970കളിലെ മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തർവാഹനികളായിരുന്നു ഇവ. ബിഎൻഎസ് നൊബോജാത്ര, ബിഎൻഎസ് ജോയ്ജാത്ര എന്നിങ്ങനെ അവയ്ക്ക് പേരു നൽകി. എന്നാൽ വളരെ വേഗം തകരാറായതിനാൽ ഇവ രണ്ടും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. 2020ൽ ബംഗ്ലാദേശ് രണ്ട് ഇടത്തരം യുദ്ധക്കപ്പലുകളാണ് ചൈനയിൽ നിന്ന് വാങ്ങിയത്. ബിഎൻഎസ് ഉമർ ഫാറൂഖ്, ബിഎൻഎസ് അബു ഉബൈദ എന്നിങ്ങനെയാണ് അവയ്ക്ക് പേരു നൽകിയത്. രണ്ടിന്റെയും നാവിഗേഷൻ റഡാറും ഗൺ സിസ്റ്റവും അടക്കമുള്ളവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 

ചൈനയിൽ നിന്ന് വാങ്ങിയ ഉപകരണങ്ങളെല്ലാം വളരെ വേഗം കേടു വന്നുവെന്ന് മ്യാന്മറിലെ സായുധ സേന ചൈനയെ അറിയിച്ചു കഴിഞ്ഞു. ഒറ്റ ദിവസം ഉപയോഗിച്ചപ്പോൾ തന്നെ ഉപകരണങ്ങൾ പലതും കേടു വന്നുവെന്നാണ് മ്യാന്മർ പറയുന്നത്. 

നേപ്പാൾ ആറ് വിമാനങ്ങളാണ് ചൈനയിൽ നിന്ന് വാങ്ങിയത്. വൈ12 ഇ, എംഎ 60 എന്നീ ചൈനീസ് വിമാനങ്ങൾ ആയിരുന്നു അവ. ആറെണ്ണവും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെ വെറുതെ ഇട്ടിരിക്കുകയാണ്. ബംഗ്ലാദേശ് ആദ്യം വാങ്ങാൻ തീരുമാനിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ചൈനീസ് വിമാനങ്ങൾ ആയിരുന്നു ഇവ. 

2016ൽ ചൈനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് വിഎൻ4 ആംഡ് പേഴ്‌സണൽ ക്യാരിയറുകളാണ് കെനിയ വാങ്ങിയത്. പരീക്ഷണാർഥം ഉപയോഗിച്ച് നോക്കിയപ്പോൾ പോലും കവചിത വാഹനത്തിനുള്ളിൽ ഇറക്കാൻ കമ്പനി പ്രതിനിധികൾ തയ്യാറായില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഘർഷ മേഖലകളിൽ ഇത് ഉപയോഗിച്ചതോടെ ഏതാനും കെനിയൻ സുരക്ഷാ സൈനികർ കൊല്ലപ്പെടുകയും ചെയ്തു.

ചൈനയിൽനിന്ന് വാങ്ങിയ ഡ്രോണുകൾ ഉപയോഗിക്കുന്നതിനിടെ അൾജീരിയയിൽ നിരവധി അപകടങ്ങളുണ്ടായി. ചൈനയിൽ നിന്ന് ഡ്രോണുകൾ വാങ്ങിയ ജോർദാൻ അവ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com