രേഖകളില്ലാത്ത അഞ്ചുലക്ഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം?; കുടിയേറ്റ നയം പരിഷ്‌കരിക്കാന്‍ ഒരുങ്ങി ജോ ബൈഡന്‍ 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരോട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായ സമീപനമായിരിക്കും ജോ ബൈഡന്‍ കൈക്കൊള്ളുക എന്നാണ് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 11 ലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനും സംഘം ആലോചിക്കുന്നതായാണ് വിവരം. ഇതില്‍ അഞ്ചുലക്ഷം പേര്‍ ഇന്ത്യക്കാരാണ്. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരോട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായ സമീപനമായിരിക്കും ജോ ബൈഡന്‍ കൈക്കൊള്ളുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 95000 കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഇത് അമേരിക്കയില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്ന വലിയ വിഭാഗം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യും. 

കുടിയേറ്റ നിയമത്തില്‍ പരിഷ്‌കരണം വരുത്താന്‍ ആവശ്യമായ നടപടികള്‍ അധികാരത്തിലേറി ഉടന്‍ തന്നെ ജോ ബൈഡന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ സഹായിക്കുംവിധം രേഖകളില്ലാതെ താമസിക്കുന്ന 11 ലക്ഷം കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതില്‍ അഞ്ചുലക്ഷം ഇന്ത്യക്കാര്‍ ഇടംപിടിച്ചേക്കുമെന്നാണ് നയരേഖ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ കുടിയേറ്റ നയത്തില്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. കൂടുംബത്തോടൊപ്പം ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന ഫാമിലി വിസയ്ക്ക് കാത്തുനില്‍ക്കുന്നവരുടെ അപേക്ഷകളുടെ എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com