കോവിഡ് വ്യാപനത്തിന് ഇന്നേയ്ക്ക് ഒരാണ്ട്; ജീവിതം വൈറസിനൊപ്പം; ഭീതിയൊഴിയാതെ ലോകം

കോവിഡ് വ്യാപനത്തിന് ഇന്നേയ്ക്ക് ഒരാണ്ട്; ജീവിതം വൈറസിനൊപ്പം; ഭീതിയൊഴിയാതെ ലോകം
കോവിഡ് വ്യാപനത്തിന് ഇന്നേയ്ക്ക് ഒരാണ്ട്; ജീവിതം വൈറസിനൊപ്പം; ഭീതിയൊഴിയാതെ ലോകം

ലോകത്തെ മുഴുവൻ ഭീതിയിലാക്കി പടർന്നു കയറിയ കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വർഷം. ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം നവംബർ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. 

പോസിറ്റീവെന്ന വാക്കിന് ഭീതിയുടെ മാനം നൽകിയാണ് കോവിഡ് വ്യാപനം ലോകത്തെ ഇപ്പോഴും മുൾമുനയിൽ നിർത്തുന്നത്. ലോകത്താകമാനം ‌മുൻകരുതലുകൾ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവൻ അപഹരിച്ച കാണാ കണികയെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല. 

സാർസിന് സമാനമായ വൈറസ് പടരുന്ന സാഹചര്യം ചൈന ആദ്യം മറച്ചു വച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ തുടർന്ന് ഡിസംബറിലാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും ചൈനയിൽ നിരവധി പേരിൽ വൈറസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ലോകാരോഗ്യ സംഘടന, വൈറസിന് കോവിഡ്–19 എന്ന പേര് നൽകി. ചൈനയിൽ നിന്ന് അതിർത്തികൾ കടന്ന് വൈറസ് താണ്ടവമാടി. 

ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. കണക്കുകൾ അനുദിനം വർധിച്ചു. രാജ്യങ്ങൾ അടച്ചിട്ടു. ക്വാറന്റൈൻ, കണ്ടയ്ൻമെൻറ്, ആൻറിജൻ അങ്ങനെ അപരിചിത വാക്കുകൾ സുപരിചിതമായി. മാസ്ക് മസ്റ്റായി. അതിനിടെ വൈറസ് അപഹരിച്ചത് ലക്ഷക്കണക്കിന് പേരുടെ ജീവൻ. 

ഇന്നും നിലക്കാത്ത പോരാട്ടത്തിലാണ് ലോകം. പ്രതിരോധ മരുന്നിനായി തീവ്ര പരിശ്രമങ്ങൾ നടക്കുമ്പോഴും, ജനിതക മാറ്റത്തോടെ വൈറസ് സഞ്ചാരം തുടരുകയാണ്. വാക്സിൻ കണ്ടെത്തിയതായുള്ള നല്ല വാർത്തകൾ വരുന്നുണ്ടെങ്കിലും, അത് എല്ലാവരിലുമെത്താൻ ഏറെ നാളെടുക്കുമെന്നാണ് വിലയിരുത്തൽ. മഹാമാരിക്ക് ഉടൻ തന്നെ പരിഹാരമാകുമെന്ന പ്രതീക്ഷ പുലർത്തി ലോകം വൈറസിനൊപ്പം ജീവിക്കുകയാണ് ഇപ്പോഴും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com