കണ്ണുനീർ തുടച്ച്, വികാരഭരിതനായി, രാജ്യത്തോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ

കണ്ണുനീർ തുടച്ച്, വികാരഭരിതനായി, രാജ്യത്തോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ
കണ്ണുനീർ തുടച്ച്, വികാരഭരിതനായി, രാജ്യത്തോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ

പ്യോങ്യാങ്: കോവിഡ് മഹാമാരിക്കിടെ ജനങ്ങളെ സേവിക്കാനും അവർക്കൊപ്പം നിൽക്കാനും കഴിയാത്തതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ് ഉത്തര കൊറിയൻ രാഷ്ട്ര തലവൻ കിം ജോങ് ഉൻ. ഭരണ കക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ 75ാം വാർഷികം ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് തന്റെ കണ്ണട ഊരി കണ്ണു തുടച്ച് കൊണ്ട് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിമ്മിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം ജനങ്ങളോടു മാപ്പു പറഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭരണകൂടത്തിനു മേൽ വർധിക്കുന്ന സമ്മർദ്ദത്തിന്റെ സൂചനയാണീ കണ്ണീർ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

"ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നിൽ ജനങ്ങൾ  വിശ്വാസമർപ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയിൽ നീതി പുലർത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിൽ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു"- കിം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്വമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്നു കരകയറ്റാൻ തന്റെ ശ്രമങ്ങൾ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂർവ പിതാമഹൻമാർ രാജ്യത്തിനു ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം കിം ഊന്നിപ്പറയുകയും ചെയ്തു.

കോവിഡ് മഹാമാരിയിൽ ലോകമെങ്ങും വെല്ലുവിളി നേരിടുന്നത് കിമ്മിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. ‌‌ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനുള്ള താത്പര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമർശിക്കാതിരുന്നതും ശ്രദ്ധേയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com