ലോക്ക് ഡൗണിനു മുമ്പായി നഗരം വിടാന്‍ ആയിരങ്ങള്‍, 700 കിലോമീറ്റര്‍ നീണ്ട ഗതാഗതക്കുരുക്ക്; പാരിസില്‍നിന്നുള്ള വിഡിയോയും ചിത്രങ്ങളും 

കിലോമീറ്ററുകളോളം വാഹനങ്ങള്‍ അടുങ്ങിക്കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. ലോക്ക്ഡൗണിന് മുമ്പ് നഗരം വിടാന്‍ ശ്രമിച്ചവരാണ് ഏറെയും
ലോക്ക് ഡൗണിനു മുമ്പായി നഗരം വിടാന്‍ ആയിരങ്ങള്‍, 700 കിലോമീറ്റര്‍ നീണ്ട ഗതാഗതക്കുരുക്ക്; പാരിസില്‍നിന്നുള്ള വിഡിയോയും ചിത്രങ്ങളും 

പാരീസ്: കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ഇന്നലെ രാത്രിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യം ഡിസംബര്‍ ഒന്നുവരെ നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച ലോക്ക്ഡൗണിന് മുന്നോടിയായി പാരീസ് നിരത്തുകളില്‍ കണ്ട ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ അടുങ്ങിക്കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. ലോക്ക്ഡൗണിന് മുമ്പ് നഗരം വിടാന്‍ ശ്രമിച്ചവരാണ് ഏറെയും. 

730 കിലോമീറ്ററോളം നീണ്ടതായിരുന്നു നഗരത്തിലെ ഗതാഗതക്കുരുക്ക്. സുഹൃത്തുക്കളും കുടുംബവുമായി നിയന്ത്രണങ്ങളില്ലാത്ത അവസാന രാത്രി ആഘോഷിക്കാന്‍ റെസ്‌റ്റോറന്റുകളില്‍ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ സാധനങ്ങള്‍ മുഴുവനായും വാങ്ങിക്കുട്ടുന്നവരെയും സലൂണുകള്‍ക്ക് മുന്നില്‍ മുടിവെട്ടാന്‍ വരി നില്‍ക്കുന്നവരെയും പാരീസ് നഗരത്തില്‍ കണ്ടു. 

അതേസമയം ലോക്ക്ഡൗണ്‍ മുന്നില്‍കണ്ട് ആളുകള്‍ പുറത്തിറങ്ങിയതിന്റെ അനന്തരഫലമാണ് ഗതാഗതക്കുരുക്കെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് പാരീസ് ട്രാഫിക് വിഭാഗം വക്താവ് പറഞ്ഞു. നഗരത്തിന് ഉള്ളിലേക്കും പുറത്തേക്കും ആളുകള്‍ യാത്രചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവധിദിനങ്ങള്‍ക്ക് ശേഷം വീടുകളിലേക്ക് ധാരാളം ആളുകള്‍ മടങ്ങിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. 

രണ്ടാംഘട്ട ലോക്ക്ഡൗണില്‍ സ്‌കൂളുകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഫ്രാന്‍സില്‍ അനുമതിയുണ്ട്. അവശ്യ സേവനങ്ങള്‍ അല്ലാത്ത ബിസിനസുകളും ബാര്‍, റെസ്റ്റോറന്റ് തുടങ്ങിയവയും അടഞ്ഞുകിടക്കും. നിലവില്‍ 1.3ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com