ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ്; പുതിയ കണ്ടെത്തല്‍, ജാഗ്രത

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം
ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ്; പുതിയ കണ്ടെത്തല്‍, ജാഗ്രത

ബീജിംഗ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. കോഴിയിറച്ചിയുടെ ഭാഗങ്ങള്‍ സാമ്പിളിനായി എടുത്ത് പരിശോധനയ്ക്ക് അയച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ചൈന വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരമായ ഷെന്‍ഷെനില്‍ ഉപഭോക്താക്കളോട്  ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

നേരത്തെ പായ്ക്ക് ചെയ്ത കടല്‍വിഭവങ്ങളിലും ഇത്തരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ നിന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.  ഇറക്കുമതി ചെയ്ത കടല്‍വിഭവങ്ങളില്‍ തന്നെയാണ് ഇത് കണ്ടെത്തിയത്. 

ബ്രസീലിലെ സാന്താ കാറ്ററിനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച ഭക്ഷണത്തിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. അറോറ എലിമേന്റോസ് പ്ലാന്റില്‍ നിന്നാണ് കോഴിയിറച്ചി ഇറക്കുമതി ചെയ്തതെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ഉല്‍പ്പന്നങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന ജനങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ കോഴിയിറച്ചിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആര്‍ക്കും തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതൊടൊപ്പമുളള മറ്റു ഉല്‍പ്പന്നങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എങ്കിലും ഇറക്കുമതി ചെയ്യുന്ന ശീതികരിച്ച ഭക്ഷ്യവിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍്ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

ഇതിന് പുറമേ ചൈനയുടെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വടക്കന്‍ നഗരമായ യന്തായിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്ത കടല്‍വിഭവങ്ങളില്‍ നിന്ന് എടുത്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com