ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈന അണ്ടർ വാട്ടർ ഡ്രോണുകൾ വിന്യസിച്ചതായി വെളിപ്പെടുത്തൽ

ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈന അണ്ടർ വാട്ടർ ഡ്രോണുകൾ വിന്യസിച്ചതായി വെളിപ്പെടുത്തൽ
പ്രതീകാത്മകം
പ്രതീകാത്മകം

ന്യൂജേഴ്‌സി: ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈന വൻ തോതിൽ അണ്ടർ വാട്ടർ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. പ്രതിരോധ വിദഗ്ധൻ എച്ച്ഐ സട്ടനാണ് വെളിപ്പെടുത്തൽ നടത്തിയത്. ഫോബ്‌സ് മാസികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മാസങ്ങളോളം നിരീക്ഷണം നടത്തി നാവിക രഹസ്യങ്ങൾ ചോർത്താൻ കഴിയുന്ന സീ വിങ് ഗ്ലൈഡറുകൾ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളതെന്നും ലേഖനത്തിൽ പറയുന്നു. 

2019 ഡിസംബർ മധ്യത്തോടെ വിന്യസിച്ച അവയെ നീരീക്ഷണങ്ങൾക്കു ശേഷം തിരിച്ചു വിളിച്ചു. കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിനായി യുഎസ് നാവികസേന വിന്യസിച്ചിട്ടുള്ള ഡ്രോണുകൾക്ക് സമാനമാണ് ചൈനയുടെ ഡ്രോണുകളുമെന്നാണ് വെളിപ്പെടുത്തൽ. അത്തരത്തിലുള്ള ഒരു ഡ്രോൺ 2016 ൽ ബെയ്ജിങ് പിടിച്ചെടുത്തിരുന്നു. ആർട്ടിക്കിലും ഐസ് ബ്രേക്കർ കപ്പൽ ഉപയോഗിച്ച് ചൈന സീ വിങ് ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ മഹാ സമുദ്രത്തിൽ 14 ഡ്രോണുകളെ വിന്യസിച്ചുവെങ്കിലും അവയിൽ 12 എണ്ണത്തെ മാത്രമെ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് കരുതുന്നത്. വലിയ ചിറകുകളുള്ള അവയ്ക്ക് അതിവേഗം സഞ്ചരിക്കാൻ കഴിയില്ല. എന്നാൽ ദീർഘകാല ദൗത്യങ്ങൾക്കായാണ് നിയോഗിക്കപ്പെടുന്നത്. ദീർഘദൂരം സഞ്ചരിക്കാനും അവയ്ക്ക് കഴിയും.

സമുദ്ര വിജ്ഞാനം ശേഖരിക്കാനാണ് ഡ്രോണുകളെ വിന്യസിക്കുന്നതെന്നാണ് പൊതുവെ അവകാശപ്പെടാറുള്ളത്. നിരുപദ്രവകാരികളാണ് അവ എന്ന് തോന്നുമെങ്കിലും നാവിക സേനകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് അവയുടെ യഥാർഥ ദൗത്യം.

ഇൻഡോ- പസഫിക് മേഖലയിൽ രാജ്യം വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ തന്ത്രപരമായ താവളങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com