അവിശ്വസനീയം; 114 വയസുള്ള സന്ന്യാസി കോവിഡ് മുക്തൻ!

അവിശ്വസനീയം; 114 വയസുള്ള സന്ന്യാസി കോവിഡ് മുക്തൻ!
അവിശ്വസനീയം; 114 വയസുള്ള സന്ന്യാസി കോവിഡ് മുക്തൻ!

ആഡിസ് അബാബ: 114 വയസുള്ള സന്ന്യാസി കോവിഡ് രോ​ഗത്തിൽ നിന്ന് മുക്തി നേടിയതായി കുടുംബം. എത്യോപ്യയിലാണ് 100 വയസു കഴിഞ്ഞ വൃദ്ധൻ കോവിഡിനെ അതിജീവിച്ചത്. എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സന്ന്യാസിയായ തിലഹുൻ വോൾഡോമിഖേലാണ് കോവിഡ് മുക്തനായത്.

ചികിത്സയ്ക്കിടെ ഇദ്ദേഹത്തിന് ഡെക്‌സാമെതാസോൺ നൽകിയിരുന്നു. മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇദ്ദേഹം വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്. ചികിത്സയ്ക്കിടെ ഓക്‌സിജനും ഡെക്‌സാമെതാസോണും സന്ന്യാസിക്ക് നൽകിയിരുന്നു.

100 വയസ് കഴിഞ്ഞ അദ്ദേഹത്തിന് രോ​ഗ മുക്തി നേടാൻ സാധിച്ചത് അവിശ്വസനീയമായ കാര്യമാണെന്ന് ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറായ ഹിലുഫ് അബാറ്റെ വ്യക്തമാക്കി. രോ​ഗം മാറി അദ്ദേഹം ആശുപത്രി വിട്ടത് സന്തോഷം നൽകുന്ന കാര്യമാണെന്നും ഡോക്ടർ പ്രതികരിച്ചു. പ്രായം തെളിയിക്കാനായി സന്ന്യസിയുടെ ജനന സർട്ടിഫിക്കറ്റ്‌ കൈവശമില്ലെന്ന് വ്യക്തമാക്കിയ കുടുംബം എന്നാൽ അദ്ദേഹം 100ാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ തെളിവായി നിരത്തി.

എത്യോപ്യൻ ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്ക് ഡെക്‌സാമെതസോൺ നൽകാൻ നിർദ്ദേശം നൽകിയിരുന്നു.

കുറഞ്ഞ ചെലവിൽ സുലഭമായി ലഭിക്കുന്ന മരുന്നാണ്‌ ഡെക്‌സാമെതാസോൺ. കോവിഡ് ബാധിതരായി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ മരണ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഡെക്‌സാമെതാസോൺ ഉപയോഗം മൂലം സാധിച്ചതായി ഇംഗ്ലണ്ടിലെ ഗവേഷകർ അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലും ഡെക്സാമെതാസോൺ രോ​ഗികൾക്ക് നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com