'ഞൊടിയിടയില്‍ ഇനി കോവിഡ് റിസള്‍ട്ട് അറിയാം'; സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെയുളള പരിശോധന കിറ്റ് വികസിപ്പിച്ചു

കോവിഡ് സ്ഥിരീകരണം ഉടനടി ലഭ്യമാക്കുന്ന കൊറോണ വൈറസ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ഗവേഷകര്‍
'ഞൊടിയിടയില്‍ ഇനി കോവിഡ് റിസള്‍ട്ട് അറിയാം'; സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെയുളള പരിശോധന കിറ്റ് വികസിപ്പിച്ചു

ലണ്ടന്‍: കോവിഡ് സ്ഥിരീകരണം ഉടനടി ലഭ്യമാക്കുന്ന കൊറോണ വൈറസ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. ബ്രിട്ടണിലെ ഗവേഷകരാണ് 50 മിനിറ്റ് കൊണ്ട് കോവിഡ് പരിശോധന ഫലം ലഭ്യമാക്കുന്ന പരിശോധന കിറ്റിന് രൂപം നല്‍കിയത്. സ്മാര്‍ട്ട് ഫോണിനെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

നിലവില്‍ കോവിഡ് പരിശോധനാ ഫലം പുറത്തുവരാന്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കും. ലാബില്‍ പരിശോധിക്കേണ്ടതിനാലാണ് കൂടുതല്‍ സമയം വേണ്ടി വരുന്നത്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുക. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഇവരുടെ പരിശോധന ഫലം എളുപ്പം ലഭിക്കുന്നതിന് ഇത് സഹായിക്കും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍  ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉടന്‍ തന്നെ വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം ഉടന്‍ തന്നെ ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാകും. രോഗം വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് രൂപം നല്‍കിയതെന്ന് ഗവേഷകര്‍ പറയുന്നു. 

പുതിയ സംവിധാനം ഉപയോഗിച്ച് ഒരേ സമയം 16 സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും. ദേശീയ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ് ഈ പരിശോധന കിറ്റിന് രൂപം നല്‍കിയതെന്ന് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാല പറയുന്നു. 

രണ്ടാഴ്ചക്കകം ഇത് രാജ്യത്ത് മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  തൊണ്ടയിലെ സ്രവത്തില്‍ നിന്ന് ആര്‍എന്‍എയെ വേര്‍തിരിച്ചെടുത്തത് പരിശോധന നടത്തുന്ന രീതിയാണ് ഈ കിറ്റില്‍ അവലംബിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com