കോവിഡ് 19; ഇറ്റലിയിൽ നിന്ന് ആശ്വാസ വാർത്ത; ലോക്ക്ഡൗൺ ഫലം കാണുന്നു

കോവിഡ് 19; ഇറ്റലിയിൽ നിന്ന് ആശ്വാസ വാർത്ത; ലോക്ക്ഡൗൺ ഫലം കാണുന്നു
കോവിഡ് 19; ഇറ്റലിയിൽ നിന്ന് ആശ്വാസ വാർത്ത; ലോക്ക്ഡൗൺ ഫലം കാണുന്നു

റോം: കൊറോണ വൈറസ് വ്യാപനം ഭീതി പടര്‍ത്തിയ ഇറ്റലിയില്‍ നിന്ന് ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത. രാജ്യത്ത് പ്രഖ്യാപിച്ച അടച്ചുപൂട്ടൽ ഫലം കാണുന്നുവെന്നും രോഗ വ്യാപനത്തിന്റെ തോത് കുറയുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.1 ശതമാനമാണ് ഇപ്പോള്‍ രോഗ വ്യാപനത്തിന്റെ നിരക്ക്. 

വൈറസ് പടര്‍ന്ന് പിടിച്ച വടക്കന്‍ ലോംബാര്‍ഡി മേഖലയില്‍ രോഗം വ്യാപിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ആദ്യമായാണ് ഇവിടെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. രാജ്യത്താകമാനം രോഗം ഭേദമായവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറില്‍ 1590 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് തലവന്‍ എയ്ഞ്ചലോ ബൊറേലി പറഞ്ഞു. രോഗ വ്യാപനം തുടങ്ങിയിട്ട് ഒരു ദിവസത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് രോഗം ഭേദമാകുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.  ഏഴോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി പിയര്‍പോലോ സിലേറി പറഞ്ഞു.

അതേസമയം, രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും താഴ്ന്നിട്ടില്ല. തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍ 812 പേര്‍ മരിച്ചു. ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 591 ആയി. മൊത്തം 1,01739 പേര്‍ക്ക് രോഗം ബാധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com