കോവിഡിന്റെ ഉറവിടം കണ്ടെത്തണം ; ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് 62 രാജ്യങ്ങള്‍ ; പ്രമേയം 

ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്
കോവിഡിന്റെ ഉറവിടം കണ്ടെത്തണം ; ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് 62 രാജ്യങ്ങള്‍ ; പ്രമേയം 

ജനീവ : കോവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍. ഇന്ത്യ അടക്കം 62 രാജ്യങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് (ഡബ്ല്യുഎച്ച്എ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്.

കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് പ്രമേയത്തില്‍ പറയുന്നു.കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കരട് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

'കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണ്.' പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു. 

ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രമേയത്തില്‍ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമര്‍ശമില്ല. ജപ്പാന്‍, യുകെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങള്‍. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com