കോവിഡിനിടെ വെന്റിലേറ്റര്‍ അഴിമതി : ബൊളീവിയന്‍ ആരോഗ്യമന്ത്രിയെ ജയിലിലടച്ചു ; രണ്ട് ഉദ്യോഗസ്ഥരും പിടിയില്‍

അഴിമതിക്കേസില്‍ അറസ്റ്റിലായ മാര്‍സെലോ നെവാജാസിനെ റിമാന്‍ഡ് ചെയ്തതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു
കോവിഡിനിടെ വെന്റിലേറ്റര്‍ അഴിമതി : ബൊളീവിയന്‍ ആരോഗ്യമന്ത്രിയെ ജയിലിലടച്ചു ; രണ്ട് ഉദ്യോഗസ്ഥരും പിടിയില്‍

ലാപാസ് : കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടെ ചികില്‍സയ്ക്കായി വെന്റിലേറ്റര്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടത്തിയതിന് അറസ്റ്റിലായ ബൊളീവിയന്‍ ആരോഗ്യമന്ത്രിയെ ജയിലില്‍ അടച്ചു. അഴിമതിക്കേസില്‍ അറസ്റ്റിലായ മന്ത്രിയായിരുന്ന മാര്‍സെലോ നെവാജാസിനെ റിമാന്‍ഡ് ചെയ്തതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

വെന്റിലേറ്റര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ബൊളീവിയ ആരോഗ്യമന്ത്രിയായിരുന്ന മാര്‍സെലോ നെവാജാസ് അറസ്റ്റിലാകുന്നത്. സ്പാനിഷ് കമ്പനിയില്‍ നിന്നും 5 ദശലക്ഷം ഡോളറിന് 179 വെന്റിലേറ്റര്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

മുമ്പ് ധാരണയായതിന്റെ രണ്ടര ഇരട്ടി തുകയ്ക്കാണ് വെന്റിലേറ്ററുകള്‍ വാങ്ങിയതെന്നും ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇടക്കാല പ്രസിഡന്റ് ജനീന്‍ അനസെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തില്‍ കമ്പനി ഇപ്പോഴത്തേതിന്റെ പകുതി വിലയ്ക്ക് വെന്റിലേറ്റര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് കണ്ടെത്തി.

ഒരെണ്ണത്തിന് 10,312 ഡോളര്‍ നിരക്കില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ വെന്റിലേറ്ററുകളാണ് 27,683 ഡോളറിന് വാങ്ങിയതെന്നും വ്യക്തമായി. കേസില്‍ ആരോഗ്യമന്ത്രിയായ മാര്‍സെലോ നെവാജാസ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ, മന്ത്രിസ്ഥാനത്തു നിന്നും പ്രസിഡന്റ് പുറത്താക്കി. നെവാജാസിനെ കൂടാതെ അഴിമതിക്ക് കൂട്ടുനിന്ന രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നെവാജാസിനെ മൂന്നു മാസത്തേക്കും ഉദ്യോഗസ്ഥരെ ആറുമാസത്തേക്കും റിമാന്‍ഡ് ചെയ്തതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com