ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയിൽ പ്രതിഷേധം ; ആയിരങ്ങൾ തെരുവിൽ ; വെടിവെപ്പിൽ ഒരു മരണം ( വീഡിയോ)

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്
ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയിൽ പ്രതിഷേധം ; ആയിരങ്ങൾ തെരുവിൽ ; വെടിവെപ്പിൽ ഒരു മരണം ( വീഡിയോ)

വാഷിങ്ടണ്‍ : കറുത്ത വര്‍ഗക്കാരനെ പൊലീസുകാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. അറ്റ്‌ലാന്റ, കെന്റക്കി, ന്യൂയോര്‍ക്ക്, മിനപൊളിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഡിട്രോയിറ്റില്‍ പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ 19 കാരന്‍ കൊല്ലപ്പെട്ടു. ലൂയിസ് വില്ലയില്‍ വെടിവെപ്പില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് വൈറ്റ്ഹൗസ് താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. മിനപൊളിസില്‍ ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കി. കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഞായറാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രെയിന്‍, ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു.

മിനസോട്ടയില്‍ താമസക്കാരനായ 46 കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ നവമാധ്യമങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നും മരിച്ചുപോകുമെന്നും ഫ്ലോയ്ഡ് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രതിഷേധം രൂക്ഷമായതോടെ ചിലയിടങ്ങളില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അതിനിടെ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ ഒരു പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിലെടുത്തു. ഡെറിക്ക് ചൊവിന്‍ എന്ന പൊലീസുകാരനെതിരെയാണ് കേസെടുത്തത്. ഫ്ലോയിഡിന്‍റെ മരണത്തിനുത്തരവാദികളായ ചൊവിന്‍ ഉള്‍പ്പടെയുള്ള 4 പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

സമീപത്തുള്ള കടയിൽ നിന്ന് ഒരാൾ കള്ളനോട്ട്‌ നൽകി സാധനം വാങ്ങിയെന്ന പരാതിയിൽ ആളുമാറിയാണ്‌ പൊലീസ്‌ ഫ്ലോയ്‌ഡിനെ കസ്റ്റഡിയിൽ എടുത്തത്‌. എതിര്‍ത്തപ്പോൾ പൊലീസ് ഫ്ലോയ്ഡിനെ ആക്രമിക്കുകയും നിലത്ത് വീഴ്ത്തി കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തുണ്ടായവര്‍ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിക്കുകയും ചെയ്തിരുന്നു.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മരണത്തിനുത്തരവാദിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. പ്രതിഷേധം റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രസിഡന്‍റ്‌ ട്രംപ്‌ പ്രതിഷേധക്കാര്‍ക്കെതിരെ പ്രകോപനപരമായി ട്വീറ്റ്‌ ചെയ്‌തതും വിവാദമായി. സംസ്ഥാന ഭരണകൂടത്തിന് പ്രതിഷേധക്കാരെ തുരത്തി, സ്ഥിതി​ഗതികൾ നിയന്ത്രിക്കാനായില്ലെങ്കിൽ, ദേശീയ സുരക്ഷാ ​ഗാർഡുകൾ രം​ഗത്തിറങ്ങുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com