മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ സിസേറിയനായി ട്യൂബ് കയറ്റിയത് അന്നനാളത്തില്‍;  28 കാരി മരിച്ചു; വിചാരണ

ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിനുണ്ടായ വീഴ്ച മൂലമാണ് രോഗി മരണപ്പെട്ടത് എന്നായിരുന്നു ഡോക്ടറുടെ മൊഴി
മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ സിസേറിയനായി ട്യൂബ് കയറ്റിയത് അന്നനാളത്തില്‍;  28 കാരി മരിച്ചു; വിചാരണ


പാരീസ്: പ്രസവ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കാന്‍ മദ്യലഹരിയില്‍ എത്തിയ വനിതാ ഡോക്ടറുടെ കൈപ്പിഴവ് മൂലം  ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ. ഡോക്ടറുടെ പിഴവിനെ തുടര്‍ന്ന് സിന്ത്യ ഹോക്ക് എന്ന 28 കാരിയാണ് മരണപ്പെട്ടത്. 2014 ല്‍ ആയിരുന്നു സംഭവം.

പ്രസവത്തിലെ സങ്കീര്‍ണതകളെ തുടര്‍ന്നായിരുന്നു ഡോക്ടര്‍ അനസ്‌തേഷ്യ നല്‍കാനായി എത്തിയത്. മദ്യലഹരിയില്‍ എത്തിയ ഡോക്ടര്‍  ശ്വാസനാളത്തിനു പകരം സിന്ത്യയുടെ അന്നനാളത്തിലൂടെയാണ് ട്യൂബ് ഇറക്കിയത്. ഇതേതുടര്‍ന്ന് സിന്ത്യ ഛര്‍ദ്ദിക്കുകയും അലറി നിലവിളിക്കുകയും ചെയ്‌തെങ്കിലും അളവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നതിനാല്‍ ഡോക്ടര്‍ക്ക് പ്രശ്‌നം തിരിച്ചറിയാനായില്ല. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി പ്രസവത്തിനായി എത്തിയത്. 

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം നാല് ദിവസം കോമ അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് മരിച്ചത്. താന്‍ റോസ് വൈന്‍ മാത്രമാണ് കഴിച്ചത് എന്നും  സ്വബോധത്തോടെയാണ് തിരികെ പ്രസവമുറിയില്‍ പ്രവേശിച്ചത് എന്നുമാണ് ഡോക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിനുണ്ടായ വീഴ്ച മൂലമാണ് രോഗി മരണപ്പെട്ടത് എന്നായിരുന്നു ഡോക്ടറുടെ മൊഴി. തുടര്‍ന്ന് ആശുപത്രിയ്ക്കും ഗൈനക്കോളജിസ്റ്റിനുമെതിരെ ആദ്യം കേസെടുത്തിരുന്നെങ്കിലും പിന്നീട്  കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ സമയത്തും ഡോക്ടര്‍ ഹെല്‍ഗയുടെ ശരീരത്തില്‍ അളവില്‍ അധികം മദ്യം ഉണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷം മദ്യപാനശീലം മൂലം മറ്റൊരു ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പിഴവ് മൂലമാണ് സിന്ത്യയ്ക്ക് മരണം സംഭവിച്ചത് എന്ന് വിചാരണക്കിടെ ഡോക്ടര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ താന്‍ അതോര്‍ത്ത് പശ്ചാത്തപിക്കും എന്നും അവര്‍ കോടതിയില്‍ പറഞ്ഞു.സിന്ത്യയുടെ ആണ്‍ സുഹൃത്താണ് ഇപ്പോള്‍ കുഞ്ഞിനെ പരിപാലിക്കുന്നത്. കുടുംബാംഗങ്ങളും വിചാരണ സമയത്ത് കോടതിയില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com