അഫ്ഗാനില്‍ കൂട്ടപ്പലായനം ; വിമാനത്താവളത്തില്‍ തിക്കും തിരക്കും ; അഞ്ചു മരണം

ജനത്തിരക്ക് അനിയന്ത്രിതമായതോടെ,  എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. താലിബാന്‍  അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികളും പറയുന്നു. 

ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

ജനത്തിരക്ക് അനിയന്ത്രിതമായതോടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാരെ ദ്രോഹിക്കില്ലെന്നും,  അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കൂട്ടപ്പലായനമാണ് നടക്കുന്നത്. ഏതുവിധേനയും രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ആഗ്രഹിക്കുന്നത്.

താലിബാന്‍ പിടിമുറുക്കിയതോടെ അഫ്ഗാനിസ്ഥാന്‍ വഴിയുള്ള വ്യോമപാത വിവിധ രാജ്യങ്ങളും, വിമാനക്കമ്പനികളും ഉപേക്ഷിച്ചു.  സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന്  വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തരസാഹചര്യം വന്നാല്‍  കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ നാട്ടിലേക്കെത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക യാത്രാവിമാനം സജ്ജമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com