'അധിനിവേശക്കാര്‍ക്കുള്ള പാഠം';സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് താലിബാന്‍; വെടിയുതിര്‍ത്ത് ആഹ്ലാദപ്രകടനം, പഞ്ച്ഷീറിലേക്ക് കടന്നുകയറ്റം

അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിട്ടതിന് പിന്നാലെ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് താലിബാന്‍
കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍കാര്‍/ എപി
കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍കാര്‍/ എപി


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും രാജ്യം വിട്ടതിന് പിന്നാലെ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് താലിബാന്‍. കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ വിക്ടറി പരേഡ് നടത്തി. അമേരിക്കന്‍ സേന അഫ്ഗാന്‍ വിട്ട് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് വിജയ പ്രകടനം നടന്നത്. വിമാനത്താവളത്തിന് പുറത്ത് വെടിയുതിര്‍ത്താണ് താലിബാന്‍ വിജയം ആഘോഷിച്ചത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി താലിബാന്‍ വക്താവ് പറഞ്ഞു. 

'അഭിനന്ദനങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ഇത് നമ്മുടെ എല്ലാവരുടെയും വിജയമാണ്'- താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മറ്റ് അധിനിവേശക്കാര്‍ക്കുള്ള പാഠമാണ് ഇതെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ അമേരിക്കയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.' അമേരിക്കയും ലോകവുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരില്‍ നിന്നും മികച്ച നയതന്ത്രബന്ധത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു'-മുജാഹിദ് വ്യക്തമാക്കി. 

അമേരിക്കന്‍ സേന പിന്‍മാറിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ പഞ്ച്ഷീര്‍ താഴ്‌വരയില്‍ താലിബാന്‍ ആക്രമണം നടത്തി. എന്നാല്‍ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പില്‍ എട്ട് താലിബാന്‍കാര്‍ കൊല്ലപ്പെട്ടാണ് വിവരം. പ്രതിരോധ സേനയുടെ തലവന്‍ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തി, ഏറ്റുമുട്ടല്‍ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇരുവിഭാഗത്തും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ച്ഷീര്‍ മേഖലയിലേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ കഴിഞ്ഞദിവസം താലിബാന്‍ വിച്ഛേദിച്ചിരുന്നു. താഴ്‌വരയ്ക്ക് ചുറ്റും താലിബാന്‍ വളഞ്ഞിട്ടുണ്ടെങ്കിലും മേഖലയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com