പുക വലിക്കണോ? 80 വയസ്സു വരെ കാത്തിരിക്കൂ!; വേറിട്ട നിയമ നിര്‍മാണവുമായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍

പുകവലി നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വേറിട്ട പദ്ധതിയുമായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെല്ലിംഗ്ടണ്‍: പുകവലി നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വേറിട്ട പദ്ധതിയുമായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. 14 വയസും അതില്‍ താഴെ പ്രായമുള്ളവര്‍ക്കും പുകവലിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

പുതിയ ബില്‍ ഇന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം ഇത് പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷം കൂടുന്തോറും പുകവലിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്ന വിധമാണ് ബില്‍. അതായത് ഈ വര്‍ഷം 14 വയസ് വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ആജീവനാന്ത വിലക്കെങ്കില്‍ അടുത്ത വര്‍ഷം പ്രായപരിധി 15 വയസാകും. അതായത് 14 വയസും അതില്‍ താഴെ പ്രായമുള്ളവര്‍ക്കും ഫലത്തില്‍ ജീവിതകാലം മുഴുവന്‍ പുകവലിക്കാന്‍ സാധിക്കില്ല. 65 വര്‍ഷം കൊണ്ട് പുകവലിക്കുന്നതിനുള്ള പ്രായപരിധി 80 ആക്കി നിയമം പൂര്‍ണതോതിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സിഗററ്റ് വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണ്.

 65 വര്‍ഷം കഴിഞ്ഞാല്‍ 80 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ പുകവലിക്കാന്‍ സാധിക്കൂ. നിയമം പൂര്‍ണ തോതിലാകാന്‍ പതിറ്റാണ്ടുകള്‍ എടുക്കുമെങ്കിലും ഈ നടപടി വഴി പുകവലിക്കുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 2025 ഓടേ രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ താഴെ എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 

നിക്കോട്ടിന്റെ അളവ് കുറയ്ക്കുകയാണ് പദ്ധതിയിലെ മറ്റൊരു നിര്‍ദേശം. നിക്കോട്ടിന്റെ അളവ് കുറച്ചാല്‍ മാത്രം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്നവിധമാണ് ബില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com