വാക്‌സിന്‍ എടുത്തത് ഉച്ചയ്ക്കു ശേഷമാണോ? കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം 

 ഉച്ചയ്ക്ക് ശേഷം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആന്റിബോഡി ലെവല്‍ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്
വാക്‌സിനേഷന്‍, ഫയല്‍ ചിത്രം
വാക്‌സിനേഷന്‍, ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്:  ഉച്ചയ്ക്ക് ശേഷം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആന്റിബോഡി ലെവല്‍ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. രാവിലത്തെ അപേക്ഷിച്ച് ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അമേരിക്കന്‍ ജേര്‍ണലായ ബയോളജിക്കല്‍ റിഥംസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജൈവഘടികാരമാണ് ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അണുബാധ നിമിത്തമുള്ള രോഗങ്ങള്‍, വാക്‌സിനേഷന്‍ തുടങ്ങി വിവിധ വശങ്ങളോട് ശരീരം പ്രതികരിക്കുന്നതില്‍ ജൈവഘടികാരത്തിന് നിര്‍ണായക പങ്ക് ഉണ്ട്. അതിനാല്‍ വാക്‌സിന്‍ എടുക്കുന്ന സമയത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഗവേഷക എലിസബത്ത് ക്ലെര്‍മാന്‍ പറയുന്നു.

2190 ആരോഗ്യപ്രവര്‍ത്തകരെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. വാക്‌സിന്‍ എടുത്ത ശേഷമുള്ള അവരുടെ ആന്റിബോഡി ലെവലാണ് വിലയിരുത്തിയത്. വാക്‌സിന്‍ എടുത്ത സമയം, ഏത് വാക്‌സിന്‍?, പ്രായം, ലിംഗം തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ചതാണ് നിഗമനത്തില്‍ എത്തിയത്.

ഗവേഷണത്തില്‍ ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ എടുത്തവരുടെ ആന്റിബോഡി ലെവല്‍ ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പൊതുവേ ആന്റിബോഡി ലെവല്‍ കൂടുതലാണ്. ഇതിന് പുറമേ വാക്‌സിന്‍ സ്വീകരിച്ച സമയവും ആന്റിബോഡിയുടെ അളവില്‍ നിര്‍ണായകമായതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നതില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് വലിയ പ്രാധാന്യമുണ്ട്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ ഉടന്‍ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് നിര്‍ണായകമാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com