ഒമൈക്രോണ്‍ വാക്‌സിന്‍ ഫലം കുറയ്ക്കും: ഡബ്ല്യൂഎച്ച്ഒ; ബ്രിട്ടനില്‍ തരംഗമെന്ന് മുന്നറിയിപ്പ് 

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വ്യാപന ശേഷി തീവ്രമെന്നും ഇതു വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ/ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വ്യാപന ശേഷി തീവ്രമെന്നും ഇതു വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന. ഡെല്‍റ്റയേക്കാള്‍ അതിവേഗമാണ് ഒമൈക്രോണ്‍ പടരുന്നത്. പലയിടത്തും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രിട്ടനില്‍ മുന്നറിയിപ്പ്
 

ബ്രിട്ടനില്‍ ഒമൈക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.

'ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമൈക്രോണിന്റെ വേലിയേറ്റം വരുന്നു' ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ജൂണ്‍ മുതല്‍ ബ്രിട്ടണ്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമൈക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

ദക്ഷിണ ആഫ്രിക്കയില്‍ അതിവേഗം പടരുന്നു

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് വ്യാപനം കുതിച്ച് ഉയരുന്നതിനിടെ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ പ്രസിഡന്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അറുപത്തിയൊന്‍പതുകാരനായ റാമഫോസ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. കേപ് ടൗണില്‍ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡി ക്ലര്‍ക്കിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രസിഡന്റിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് ഐസൊലേഷനില്‍ ആയതിനാല്‍ ഔദ്യോഗിക ചുമതലകള്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡേവിഡ് മബൂസയ്ക്കു കൈമാമാറി.

കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റോമഫോസ സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റിവ് ആയിരുന്നു. ബുധനാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ സമയത്തു നടത്തിയ പരിശോധനയും നെഗറ്റിവ് ആയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

ദക്ഷിണ ആഫ്രിക്കയില്‍ ഇന്നലെ 37,875 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു തലേന്ന് 17,154 പേരിലാണ് രോഗബാധ കണ്ടെത്തിയത്. വലിയ കുതിപ്പാണ് സമീപ ദിവസങ്ങളില്‍ വൈറസ് വ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com