48 വര്‍ഷത്തിന് ശേഷം ചരിത്രമെഴുതി ഇടതുപക്ഷം; ചിലിയില്‍ 35കാരന്‍ പ്രസിഡന്റ്

ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം.
ഗബ്രിയേല്‍ ബോറിക്
ഗബ്രിയേല്‍ ബോറിക്


സാന്റിയാഗോ: ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെ ഇടതുപക്ഷം പരാജയപ്പെടുത്തി. ഇതുവരെയുള്ള കണക്ക് പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് 35കാരനായ ഗബ്രിയേല്‍ ബോറിക്ക്. ഇടതുപക്ഷക്കാരനായിരുന്ന പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ പുറത്താക്കി 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിലിയില്‍ വീണ്ടുമൊരു ഇടതുപക്ഷ നേതാവ് പ്രസിഡന്റാകുന്നത്.

1973ല്‍ പട്ടാള അട്ടിമറിയിലൂടെ അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ വകവരുത്തി ആര്‍മി ജനറലായിരുന്ന അഗസ്‌റ്റൊ പിനോഷെറ്റ് ഭരണം പിടിക്കുകയായിരുന്നു.  തുടര്‍ന്ന് 1990ല്‍ മരണംവരെ പിനോഷെറ്റ് ഭരിച്ചു. ശേഷം വലതുപക്ഷ പാര്‍ട്ടികളാണ് അധികാത്തിലെത്തിയത്. 

ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് പാര്‍ട്ടി ചിലിയില്‍ അധികാരത്തിലെത്തുന്നത്. 2019-20 കാലത്ത് ചിലിയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ  നേതാവാണ് ബോറിക്. അസമത്വങ്ങള്‍ക്കും അഴിമതിക്കുമെതിരെയായിരുന്നു പ്രക്ഷോഭങ്ങള്‍. സാമ്പത്തിക അസമത്വങ്ങളടക്കം ഇല്ലാതാക്കാന്‍ പെന്‍ഷന്‍, ആരോഗ്യമേഖല, ജോലി സമയം എന്നിവിടങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്നായിരുന്നു ബോറികിന്റെ വാഗ്ദാനം. 

യുഎന്‍ കണക്കുപ്രകാരം രാജ്യത്തിന്റെ 25 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്ന രാജ്യമാണ് ചിലി. 2019 ല്‍ മെട്രോ നിരക്ക് വര്‍ധനയ്‌ക്കെതിരെ തുടങ്ങിയ പ്രക്ഷോഭമാണ് ഒടുവില്‍ ചിലിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷക്കാരനായ പ്രസിഡന്റിനെ സമ്മാനിച്ചത്.ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. സെബാസ്റ്റ്യന്‍ പിനേര ആണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ 'നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി' അംഗമായ പിനേര 2018 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com