പാര്‍ലമെന്റില്‍ ലെനിന്റെ പ്രതിമ; സോവിയറ്റ് യൂണിയന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന ഒരു രാജ്യം, യുഎസ്എസ്ആറിന്റെ പതനത്തിന് മൂന്നു പതിറ്റാണ്ട് (വീഡിയോ)

ചൂണ്ടുവിരലില്‍ ലോകത്തെ വിറപ്പിച്ചു നിര്‍ത്തി കളംവിട്ടുപോയ, തിരിച്ചുവരവുണ്ടാകുമോയെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന സോവിയറ്റ് നാടിന്റെ പതനം സംഭവിച്ചിട്ട് മുപ്പത് വര്‍ഷങ്ങള്‍ തികയുകയാണ്
പാര്‍ലമെന്റില്‍ ലെനിന്റെ പ്രതിമ; സോവിയറ്റ് യൂണിയന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന ഒരു രാജ്യം, യുഎസ്എസ്ആറിന്റെ പതനത്തിന് മൂന്നു പതിറ്റാണ്ട് (വീഡിയോ)


യുക്രൈന്‍-മോള്‍ഡോവന്‍ അതിര്‍ത്തിയിലെ നീസ്റ്റര്‍ നദീതീരത്ത് ഒരു ചെറിയ രാജ്യമുണ്ട്, ട്രാന്‍സ്‌നിസ്ട്രിയ. ലോകരാജ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ലാത്ത, മൂന്നു ചെറു രാഷ്ട്രങ്ങള്‍ മാത്രം രാജ്യമായി അംഗീകരിച്ച ഈ കൊച്ചു ഭൂപ്രദേശം, വര്‍ഷങ്ങളായി ഒരു സ്വപ്‌നം നിറവേറുന്നതിനായി കാത്തിരിക്കുകയാണ്. പാര്‍ലമെന്റിന് മുന്നില്‍ വഌഡിമര്‍ ഇലിച്ച് ലെനിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് അവര്‍ കാത്തിരിക്കുന്നു, ഒരുനാള്‍ തങ്ങള്‍ ഭാഗമായിരുന്ന യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക് എന്ന യുഎസ്എസ്ആറിന്റെ തിരിച്ചുവരവിനായി. ട്രാന്‍സ്‌നിസ്ട്രിയയുടെ ഏകാന്തമായ കാത്തിരിപ്പ് മുപ്പത് വര്‍ഷം പിന്നിടുകയാണ്. ചൂണ്ടുവിരലില്‍ ലോകത്തെ വിറപ്പിച്ചു നിര്‍ത്തി കളംവിട്ടുപോയ, തിരിച്ചുവരവുണ്ടാകുമോയെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന സോവിയറ്റ് നാടിന്റെ പതനം സംഭവിച്ചിട്ട് മുപ്പത് വര്‍ഷങ്ങള്‍ തികയുകയാണ്. 

ലെനിന്‍ തുറന്നുവിട്ട കമ്മ്യൂണിസ്റ്റ് കാറ്റ്

1917ല്‍ ഒക്ടോബര്‍ വിപ്ലവം ജയിച്ചു സാര്‍ ചക്രവര്‍ത്തിമാരില്‍ നിന്ന് റഷ്യയെ ലെനിന്‍ പൂര്‍ണമായി സ്വതന്ത്രമാക്കുമ്പോള്‍, മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രം വെറും അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രായോഗികമാക്കാന്‍ സാധിക്കുമെന്നും ലോകം അതിശയത്തോടെ നോക്കിനിന്നു. ശേഷം, 1922ല്‍ ലെനിന്‍ അധികാരത്തിലേറിയതോടെ 22,402,200 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രിതിയില്‍ ഒരു സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കപ്പെട്ടു. മോസ്‌കോ ഭരണസിരാ കേന്ദ്രം, കമ്മ്യൂണിസ്റ്റ് കാറ്റ് ലോകമെമ്പാടും ആഞ്ഞുവീശയ കാലം. മറുചേരിയില്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും. 

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സാങ്കേതിക ശക്തിയായി സോവിയറ്റ് യൂണിയന്‍ അതിവേഗമാണ് മുന്നോട്ടുകുതിച്ചത്. ലെനിന്റെ പിന്തുടര്‍ച്ചാവകാശിയായി എത്തിയ ജോസഫ് സ്റ്റാലിന്‍, ചെയ്തുകൂട്ടിയതിനെല്ലാം രണ്ടുപക്ഷമുണ്ട്. മരണംവരെ ഭരണത്തിലിരുന്ന സ്റ്റാലിന്‍ ക്രൂരനായ സ്വേച്ഛാധിപതിയാണെന്ന് പരക്കെ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് മാതൃകയില്‍ ഒരു കേന്ദ്ര നിയന്ത്രിത സമ്പദ് ഘടനയാണ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയനില്‍ സ്ഥാപിച്ചത്. പിന്നീട് വന്ന പതിറ്റാണ്ടുകളില്‍ സോവിയറ്റ് യൂണിയന്‍ അതിവേഗത്തിലുള്ള വ്യവസായവത്കരണത്തിനും ആധുനികരണത്തിനും സാക്ഷ്യം വഹിച്ചു. എന്നാല്‍ എതിരാളികളെയെല്ലാം കൊന്നൊടുക്കുകയും ഒതുക്കി തീര്‍ക്കുകയും ചെയ്ത സ്റ്റാലിന്റെ നയത്തെ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും ബുദ്ധിമുട്ടായിരുന്നു. 

ഹിറ്റ്‌ലറിനെ തോല്‍പ്പിച്ച സ്റ്റാലിന്‍ 

രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍ നാസി ജര്‍മനിയുമായി ആക്രമണമില്ലാ കരാറില്‍ ഒപ്പുവെച്ച സ്റ്റാലിന്‍, പക്ഷേ പിന്നീട് നിലപാട് തിരുത്തി. യുദ്ധത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി. തോല്‍വി സഹിക്കാന്‍ വയ്യാതെ ഹിറ്റ്‌ലര്‍ 1945 ഏപ്രില്‍ 30ന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഈ സമയം, സ്റ്റാലിന്റെ ചെമ്പട ഹിറ്റ്‌ലറെ തിരഞ്ഞ് ജര്‍മനിയിലാകെ തേരോട്ടം നടത്തുകയായിരുന്നു. 

1953ല്‍ സ്റ്റാലിന്റെ മരണശേഷം നികിതാ ക്രുഷ്‌ചേവ് അധികാരത്തിലെത്തി. സ്റ്റാലിന്റെ നയങ്ങളില്‍ വ്യാപക എതിര്‍പ്പുകള്‍ സോവിയറ്റില്‍ ഉയര്‍ന്നുവന്നിരുന്നു. പിടിച്ചുനില്‍ക്കാനായി സാമൂഹിഹക സാമ്പത്തിക രംഗത്ത് ക്രൂഷ്‌ചേവ് ഉദാരവത്കരണം കൊണ്ടുവന്നു. ഡിസ്റ്റാലിനൈസേഷന്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെട്ടത്. യുദ്ധത്തിന് ശേഷം, വന്‍ശക്തികളായി ഉയര്‍ന്നുവന്ന സോവിയറ്റ് യൂണിയനും അമേരിക്കയും പുറത്തെടുത്ത മത്സരം ശീതയുദ്ധത്തിലേക്ക് വഴിതെളിച്ചു. ശീതയുദ്ധകാലത്ത് ശാസ്ത്രസാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധ സാങ്കേതികവിദ്യയിലും സോവിയറ്റ് യൂണിയന്‍ വലിയ മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു. സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്‌നിക് ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മിത ഉപഗ്രഹം. തുടര്‍ന്ന് ലെയ്ക എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തി ചെങ്കൊടി നാട്ടി. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയോടെ, മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന സ്ഥിതിയിലായി. 

ലെനിന്‍, സ്റ്റാലിന്‍

ഗോര്‍ബച്ചേവിന്റെ പരീക്ഷണങ്ങള്‍

1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് അധികാരമേല്‍ക്കുന്ന സമയത്ത്, സോവിയറ്റ് നാട്ടില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ആഗോളവത്കരണത്തിന്റെ കാറ്റ് ആഞ്ഞുവീശി. പരിഷ്‌കരണ വാദിയെന്ന് സ്വയം വിശേഷിപ്പിച്ച ഗോര്‍ബച്ചേവ്. സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ നിലനിന്ന സോഷ്യലിസ്റ്റ് ജനാധിപത്യം സോവിയറ്റില്‍ നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പലഭാഗങ്ങളിലും വിഘടനവാദം ശക്തമാക്കുന്നതിലേക്കാണ് ഇത് വഴിതുറന്നത്. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്ത് എന്നീ നയങ്ങള്‍ ഗോര്‍ബച്ചേവ് അവതരിപ്പിച്ചു. പാര്‍ട്ടി സംവിധാനത്തെയും സമ്പദ് വ്യവസ്ഥയെയും ഉദാരീകരിച്ച് സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുകയായിരുന്നു പെരിസ്‌ട്രോയിക്കയുടെ ലക്ഷ്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവസരം നല്‍കുന്നതായിരുന്നു ഗ്ലാസ്‌നോസ്ത്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു.

ഗോര്‍ബച്ചേവ്‌
 

സേവന-ഉത്പാദന-വിദേശവ്യാപാര മേഖലകളില്‍ സ്വകാര്യ ഉടമസ്ഥാവകാശം അംഗീകരിക്കുന്ന പുതിയ സാമ്പത്തിക നയം നിയമമായി. ഭരണകൂടത്തെ പാര്‍ട്ടിയില്‍ നിന്ന് മോചിപ്പിച്ചു. അധികാരം പാര്‍ട്ടി ജനറല്‍സെക്രട്ടറിയില്‍ നിന്ന് പ്രസിഡന്റിലേക്ക്് മാറ്റി. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ഗോര്‍ബച്ചേവ് തന്നെയായിരുന്നു. ശീതയുദ്ധത്തിന് അറുതിവരുത്താന്‍ തീരുമാനിച്ചു.  

1989ലെ സ്വതന്ത്ര തിരഞ്ഞെടുപ്പ് 

1989ല്‍ പുതിയ പാര്‍ലമെന്റായ കോണ്‍ഗ്രസ് പീപ്പിള്‍സ് ഡെപ്യൂട്ടിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. 1917ന് ശേഷം ആദ്യമായി നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല പ്രമുഖരും പരാജയപ്പെട്ടു. 1979ല്‍ അഫ്ഗാനിലേക്ക് അയച്ച സൈന്യത്തെ ഒന്‍പത് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചു. വാഴ്‌സാ ഉടമ്പടി പ്രകാരം  കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ നിലനിര്‍ത്തിയിരുന്ന സോവിയറ്റ് സൈന്യത്തെ പിന്‍വലിച്ചതോടെ റുമാനിയയും ചെക്കോസ്ലോവാക്യയും അടക്കമുള്ള രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നു. ജര്‍മനിയെ വിഭജിച്ചിരുന്ന ബര്‍ലിന്‍ മതില്‍ നിലംപതിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂണിയന്റെ ഭാഗമായ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവിടങ്ങളിലും അര്‍മീനിയയിലും 1987 മുതല്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. 90ല്‍ ഇത് കൂടുതല്‍ ശക്തമായി. മോള്‍ഡോവ, ബെലാറസ്, ജോര്‍ജിയ, യുെ്രെകന്‍ എന്നിവിടങ്ങളിലും സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള മുറവിളി ഉയര്‍ന്നു. ജനങ്ങള്‍ തെരുവിലിറങ്ങി.

ഹിത പരിശോധനയിലൂടെ സോവിയറ്റ് യൂണിയനെ ഒരുമിച്ചു നിര്‍ത്താന്‍ ഗോര്‍ബച്ചേവ് അവസാന ശ്രമം നടത്തിനോക്കി. ഒന്‍പത് റിപ്പബ്ലിക്കുകളിലെ 76.4ശതമാനം പേര്‍ യൂണിയന് അനുകൂലമായി വോട്ടുചെയ്തു. എസ്‌തോണിയ, ലാത്വിയ, അര്‍മേനിയ, ജോര്‍ജിയ, മോള്‍ഡോവ എന്നിവ ഹിതപരിശോധനയില്‍ പങ്കെടുത്തില്ല. പുതിയ യൂണിയനുള്ള കരാറില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരുമെന്ന് ഗോര്‍ബച്ചേവും ഒന്‍പത് അംഗരാജ്യങ്ങളുടെ തലവന്മാരും സംയുക്ത പ്രസ്താവനയിറക്കി. ജൂണ്‍ 12ന് ബോറിസ് യെത്സിന്‍ റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.

പരാജയപ്പെട്ട അട്ടിമറി ശ്രമം

മുങ്ങിത്തുടങ്ങിയ സോവിയറ്റ് കപ്പലിനെ കരയ്ക്ക് കയറ്റാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാന ശ്രമം നടത്താന്‍ തീരമാനിച്ചു. പുതിയ യൂണിയന്‍ കരാര്‍ ഒപ്പിടുന്നതിന്റെ തലേന്ന് ആഗസ്റ്റ് 19ന് ഗോര്‍ബച്ചേവിനെ ക്രിമിയയിലെ അവധിക്കാലവസതിയില്‍ തടങ്കലിലാക്കി. വൈസ് പ്രസിഡന്റ് ഗെന്നഡി യാനയേവ്് പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പാവ്‌ലോവും കെ.ജി.ബി.തലവന്‍ ക്ര്യൂച്ചിക്കോവും അടക്കം എട്ടുപേരായിരുന്നു അട്ടിമറിക്കുപിന്നില്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

പുതിയ നായകന്‍, യെല്‍ത്സിന്‍ 

സോവിയറ്റ് പതനത്തിന് തുടക്കം കുറിച്ചത് ഗോര്‍ബച്ചേവിന്റെ നയങ്ങളായിരുന്നു എങ്കില്‍, കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യകൂദാശ ചൊല്ലിയത് 
ബോറിസ് യെല്‍ത്സിന്‍ ആയിരുന്നു. അക്കാലത്ത് സോവിയറ്റ് നേതാക്കള്‍ക്ക് ഇല്ലാത്തത്രയും ജനപിന്തുണ യെല്‍ത്സിന്‍ നേടിയെടുത്തിരുന്നു. 
ആഗസ്റ്റ് 19 അട്ടിമറി സമയത്ത് കസാഖിസ്താനിലായിരുന്നു യെല്‍ത്സിന്‍. അട്ടിമറി വിവരമറിഞ്ഞതോടെ മോസ്‌കോയിലേക്ക് കുതിച്ചെത്തിയ യെല്‍ത്സീന്‍ അനുയായികളുമായി റഷ്യന്‍ പാര്‍ലമെന്റ് മന്ദിരമായ വൈറ്റ് ഹൗസിലേക്ക് നീങ്ങി. പട്ടാള ടാങ്കിന് മുകളില്‍ കയറി അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.  ജനങ്ങള്‍ യെല്‍ത്സീനൊപ്പം ചേര്‍ന്നു. വൈകാതെ അവിടെ വിന്യസിച്ചിരുന്ന സൈന്യവും ജനക്കൂട്ടത്തിനൊപ്പം ചേര്‍ന്നു. അട്ടിമറി പരാജയപ്പെട്ടു. സംഘത്തില്‍പ്പെട്ട ആഭ്യന്തര മന്ത്രി ബോറിസ് പ്യൂഗോ ആത്മഹത്യ ചെയ്തു.

യെല്‍ത്സിന്‍ 

ഓഗസ്റ്റ് 22ന് വീട്ടുതടങ്കലിലായിരുന്ന ഗോര്‍ബച്ചേവ് മോസ്‌കോയില്‍ തിരിച്ചെത്തി.പക്ഷേ, അധികാരം കേന്ദ്രീകരിക്കാനോ രാഷ്ട്രം വിഘടിക്കുന്നതിന് തടയിടാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. റിപ്പബ്ലിക്കുകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയന്‍ പിരിഞ്ഞ് 15 സ്വതന്ത്ര റിപ്പബ്ലിക്കുകളായി. സ്വതന്ത്ര റഷ്യയുടെ പ്രസിഡന്റ് ബോറിസ് യെല്‍ത്സിനായി ഗോര്‍ബച്ചേവ് വഴിമാറിക്കൊടുത്തു. 1991  ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്റെ ചെങ്കൊടി റഷ്യയുടെ മണ്ണില്‍ താഴ്ത്തപ്പെട്ടു. 

ലോകം, സോവിയറ്റ് അനന്തരം 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, രണ്ട് ചേരികളില്‍ നിന്ന ലോകം ഒറ്റ അച്ചുതണ്ടിലേക്ക് ചുരുങ്ങി. അമേരിക്ക ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായി മാറി. ലോകരാഷ്ട്രങ്ങളെല്ലാം അമേരിക്കയുടെ കുടക്കീഴിലേക്ക് കയറി നില്‍ക്കേണ്ട സ്ഥിതിവിശേഷം രൂപ്പെട്ടു. യുഎസിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സാമ്പത്തിക ശക്തിയായി ചൈന ഇടക്കാലത്ത് കടന്നുവന്നെങ്കിലും, സോവിയറ്റ് യൂണിയനെ പോലെ ഒരു സോഷ്യലിസ്റ്റ് ചേരി കെട്ടിപ്പടുക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ല. സോവിയറ്റ് യൂണിയന്‍ ഒഴിച്ചിട്ടുപോയ വിടവ് നികത്താന്‍ പിന്നീടൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനും സാധിച്ചതുമില്ല. അതുകൊണ്ടൊക്കെ തന്നെ, തകര്‍ന്നടിഞ്ഞു മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും സോവിയറ്റ് യൂണിയനെ കുറിച്ചുള്ള ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ട്രാന്‍സ്‌നിസ്ട്രിയയെ പോലെ ചിലരെങ്കിലും ഇപ്പോഴും ലെനിന്റെ പ്രതിമകളുയര്‍ത്തി കാത്തിരിക്കുന്നതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com