ബംഗ്ലാദേശില്‍ വന്‍ ദുരന്തം: കടത്തു ബോട്ടിനു തീപിടിച്ച് 40 പേര്‍ മരിച്ചു -  വിഡിയോ 

ബംഗ്ലാദേശില്‍ മൂന്നു നില കടത്തുബോട്ടിനു തീപിടിച്ച് 40 പേര്‍ വെന്തു മരിച്ചു. 150ലേറെപ്പേര്‍ക്കു പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണ്
ബോട്ടിനു തീപിടിച്ചപ്പോള്‍/ട്വിറ്റര്‍
ബോട്ടിനു തീപിടിച്ചപ്പോള്‍/ട്വിറ്റര്‍

ധാക്ക: ബംഗ്ലാദേശില്‍ മൂന്നു നില കടത്തുബോട്ടിനു തീപിടിച്ച് 40 പേര്‍ വെന്തു മരിച്ചു. 150ലേറെപ്പേര്‍ക്കു പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണ്. 

ഇന്നു പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ അപകടം. ധാക്കയില്‍നിന്നു ബര്‍ഗോനയിലേക്കു പോവുകയായിരുന്ന എംവി അഭിജാന്‍ എന്ന ബോട്ടിനാണ് തീ പിടിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിയോടെ ബോട്ടിന്റെ എന്‍ജിന്‍ റൂമിലാണ് ആദ്യം തീ പടര്‍ന്നത്. ബോട്ടില്‍ എണ്ണൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

തീ പടര്‍ന്നപ്പോള്‍ ഒട്ടേറെപ്പേര്‍ വെള്ളത്തിലേക്കു ചാടിയിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീ പടര്‍ന്നപ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചും വെള്ളത്തില്‍ മുങ്ങിയും മരണം ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ജോലി സ്ഥലത്തുനിന്നു വാരാന്ത്യത്തില്‍ നാട്ടിലേക്കു മടങ്ങിയവരാണ് ബോട്ടില്‍ ഉണ്ടായിരുന്നവരില്‍ ഏറെയും. ബംഗ്ലാദേശില്‍ ലോഞ്ച് എന്നു വിളിക്കുന്ന കടത്തു ബോട്ട് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയിരുന്നതായാണ് വിവരം. 

അപകടത്തെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഏഴംഗ അന്വേഷണ സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com