അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി  ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി ; വാഷിങ്ടണില്‍ കര്‍ഫ്യൂ ; ഒരു സ്ത്രീ കൊല്ലപ്പെട്ടു ( വീഡിയോ)

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു
ട്രംപ് അനുകൂലികളുടെ പ്രതിഷേധം / എഎന്‍ഐ ചിത്രം
ട്രംപ് അനുകൂലികളുടെ പ്രതിഷേധം / എഎന്‍ഐ ചിത്രം


വാഷിങ്ടന്‍ : അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. 


ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപത്തു നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിന്റെ അനുയായികള്‍ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്.  പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്റ് കവാടങ്ങള്‍ അടച്ചെങ്കിലും പൊലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തുകടക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കാപ്പിറ്റോള്‍ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അനുകൂലികള്‍ക്ക് പിന്‍വാങ്ങാന്‍ നിര്‍ദേശം നല്‍കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു.സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയര്‍ലന്‍ഡും രംഗത്തെത്തി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com