'ഡെല്‍റ്റ' അപകടകാരി, വ്യാപന ശേഷി തീവ്രം; പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരിലെന്ന് ഡബ്ല്യൂഎച്ച്ഒ

പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം ശക്തമായിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു. 

എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ആശങ്കയുണ്ടാക്കുന്ന വകഭേദമായാണ് ആഗോളതലത്തില്‍ തന്നെ ഇതിനെ കണക്കാക്കുന്നതെന്ന് ഘബ്രെയെസൂസ് പറഞ്ഞു.

പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം ശക്തമായിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കേസുകള്‍ കൂടൂക എന്നാല്‍ കൂടുതല്‍ പേര്‍ ആശുപത്രിയിലാവുക എന്നാണ്. അതിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദത്തിലാവുന്നു. അത് മരണം കൂടാന്‍ ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

കോവിഡിന് പുതിയ വകഭേദങ്ങള്‍ പ്രതീക്ഷിച്ചതു തന്നെയാണ്. വൈറസുകളുടെ പ്രവര്‍ത്തനം അത്തരത്തിലാണ്. ഇനിയും കൂടുതല്‍ വകഭേദങ്ങള്‍ വന്നേക്കാം. എന്നാല്‍ വ്യാപനം കുറയ്ക്കുന്നതിലൂടെ പുതിയ വകഭേദങ്ങളെ തടയാനാവും- ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെംക്‌നിക്കല്‍ ടീം മേധാവി ഡോ. മരിയി വാന്‍ കെര്‍ഖോവ പറഞ്ഞു. ആല്‍ഫയേക്കാള്‍ അതിവേഗമാണ് ഇതു പടരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലെല്ലാം അതു വ്യാപിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവരിലാണ് ഇതിന്റെ വ്യാപന ശേഷി കൂടുതലെന്ന് ഡോ. മരിയ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com