പരിക്കേറ്റ കാലുമായി മൃഗാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തെരുവുനായയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബ്രസീലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വിദഗ്ധ പരിശോധനയിൽ നായയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു.
കാൽപാദത്തിനേറ്റ പരുക്കു കാണിച്ച് ചികിത്സ തേടിയ തെരുവുനായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. തിരക്കുള്ള മൃഗാശുപത്രിയിലേക്ക് കയറിവന്ന നായ ആദ്യം ഭിത്തിയിൽ ചാരിയിരുന്നു. നായയെ കണ്ട് ഡോക്ടർ അടുത്തെത്തിയപ്പോൾ വാലാട്ടിക്കൊണ്ട് പരുക്കേറ്റ കാല് ഉയർത്തിക്കാണിച്ചു.
മുറിവ് പരിശോധിച്ച ശേഷം മരുന്നു വയ്ക്കാനായി അകത്തെ മുറിയിലേക്ക് പോകാൻ നിർദേശിച്ചപ്പോൾ നായ അനുസരണയോടെ അകത്തേക്കു കയറി പോകുന്നതും ദൃശ്യത്തിൽ കാണാം. തുടർ പരിശോധനയിൽ മുൻകാലിലെ നഖം വളർന്നാണ് നടക്കാനുള്ള ബുദ്ധിമുട്ടിനു കാരണമെന്ന് കണ്ടെത്തി. പിന്നീടു നടത്തിയ വിശദമായ പരിശോധനയിലാണ് കാൻസർ കണ്ടെത്തിയത്. നായയുടെ ശരീരത്തിൽ മുഴകൾ കണ്ടെത്തുകയും അത് കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കീമോയും മറ്റുമായി നായയുടെ ചികിത്സകൾ പുരോഗമിക്കുകയാണെന്നും നായ ചികിത്സകളോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി, തെരുവുനായയുടെ ചികിത്സയ്ക്കായുള്ള തുക ഒരു ദിവസംകൊണ്ടു തന്നെ ധനസമാഹരണത്തിലൂടെ ലഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ