ആദ്യ കുത്തിവെപ്പില്‍ യുവതിക്ക് നല്‍കിയത് ആറു ഡോസ് വാക്‌സിന്‍; ആരോഗ്യപ്രവര്‍ത്തകയ്ക്ക് പറ്റിയത് വന്‍ അബദ്ധം 

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിക്ക് ആരോഗ്യപ്രവര്‍ത്തക അബദ്ധത്തില്‍ നല്‍കിയത് ആറു ഡോസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



റോം: കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിക്ക് ആരോഗ്യപ്രവര്‍ത്തക അബദ്ധത്തില്‍ നല്‍കിയത് ആറു ഡോസ്. ഇറ്റലിയിലെ നോവ ആശുപത്രിയിലാണ് സംഭവം. ഫൈസര്‍  വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവതിക്കാണ്‌ ആറു ഡോസ് വാക്‌സിന്‍ നല്‍കിയത്. 

ഞായറാഴ്ചയാണ് 23-കാരിയായ യുവതി പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കുപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാക്സിനും സിറിഞ്ചില്‍ നിറച്ച ആരോഗ്യപ്രവര്‍ത്തക അതു മുഴുവന്‍ കുത്തിവെക്കുകയായിരുന്നു. ആറു ഡോസ് വാക്സിനാണ് ഒരു ബോട്ടിലില്‍ ഉണ്ടാവുക. എന്നാല്‍ സിറിഞ്ച് ശൂന്യമായപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യപ്രവര്‍ത്തക തിരിച്ചറിഞ്ഞത്. 

കുത്തിവെപ്പ് സ്വീകരിച്ച യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയയാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയായ യുവതിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ ആശുപത്രിയിലെ സൈക്കോളജി വിഭാഗത്തിലെ ഇന്റേണാണ് യുവതി.

യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില നിരീക്ഷിക്കുന്നത് തുടരുമെന്ന് ആശുപത്രി വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകയ്ക്ക് സംഭവിച്ച കൈപ്പിഴയാണെന്നും മനഃപൂര്‍വം ഇത്തരമൊരു തെറ്റുപറ്റിയതല്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com