31ന് ശേഷം അഫ്ഗാനില്‍ തുടര്‍ന്നാല്‍ 'അനുഭവിക്കേണ്ടിവരും'; അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പൂര്‍ണതോതിലുള്ള സൈനിക പിന്‍മാറ്റം ഓഗസ്റ്റ 31ന് ശേഷം നീണ്ടുപോയാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്
ചിത്രം: എ പി
ചിത്രം: എ പി


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പൂര്‍ണതോതിലുള്ള സൈനിക പിന്‍മാറ്റം ഓഗസ്റ്റ 31ന് ശേഷം നീണ്ടുപോയാല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ മുന്നറിയിപ്പ്. 

'യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ ഞങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കും' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാനഘട്ടത്തിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്നത്. 

അതേസമയം, അഫ്ഗാന്‍ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പില്‍ ഇന്ന് അമ്പത് താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നു. അന്ദറാബ് മേഖലയില്‍ ജില്ലാ മേധാവി ഉള്‍പ്പെടെ അമ്പത് താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പ്രതിരോധ സേന വധിച്ചെന്നാണ് റിപ്പോര്‍ട്ട്. 
താലിബാന്റെ ബനു ജില്ലാ തലവനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതിരോധ സേനയിലെ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ആറുപേര്‍ക്ക് പരിക്കേറ്റതായുംവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, താലിബാന് എതിരെ യുദ്ധം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ് തമ്പടിച്ചിരിക്കുന്ന പഞ്ച്ഷീര്‍ മേഖയ്ക്ക് ചുറ്റും താലിബാന്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവിടെ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ താലിബാന് എതിരെ വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ഇതുവരെ പഞ്ച്ഷീര്‍ മേഖലയിലേക്ക് താലിബാന് കടന്നു കയറാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞയാഴ്ച താലിബാന്‍ വിരുദ്ധ പോരാളികള്‍ പിടിച്ചെടുത്ത മൂന്ന് വടക്കന്‍ ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബനു, ദേ സലേ, പുല്‍-ഇ-ഹെസര്‍ എന്നീ ജില്ലകളാണ് താലിബാന് എതിരായ സായുധ പോരാട്ടത്തിലൂടെ വിമതര്‍ പിടിച്ചെടുത്തത്. എന്നാല്‍ തിങ്കളാഴ്ചയോടെ ഈ ജില്ലകളിലേക്ക് താലിബാന്‍ ഇരച്ചുകയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com