ഇന്ത്യയുമായി നല്ലബന്ധം ആഗ്രഹിക്കുന്നു; വ്യാപാരബന്ധം തുടരണം: താലിബാന്‍

ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പ്രാധാന്യമുള്ളതാണെന്നും താലിബാന്‍ ദോഹ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് ഷേര്‍ മുഹമ്മദ് അബ്ബാസ് പറഞ്ഞു
ചിത്രം : പിടിഐ
ചിത്രം : പിടിഐ


ദോഹ: ഇന്ത്യയുമായി നല്ലബന്ധം ആഗ്രഹിക്കുന്നതായി താലിബാന്‍. ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പ്രാധാന്യമുള്ളതാണെന്നും താലിബാന്‍ ദോഹ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ് ഷേര്‍ മുഹമ്മദ് അബ്ബാസ് പറഞ്ഞു. മുന്‍പത്തെപ്പോലെ ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്റെ സാസ്‌കാരിക, സാമ്പത്തിക,രാഷ്ട്രീയ,വ്യാപര ബന്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും മുഹമ്മദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം, ഇന്ത്യയുടെ പേര് പരാമര്‍ശിച്ച് താലിബാന്‍ നടത്തുന്ന ആദ്യ പ്രതികരണമാണ് ഇത്. ഞായറാഴ്ച ഇറക്കിയ പ്രസ്താവനയോട് ഇന്ത്യന്‍ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ  അധ്യക്ഷത വഹിച്ച യുഎന്‍ രക്ഷാസമിതി യോഗത്തില്‍ തീവ്രവാദത്തിന് എതിരായ പരാമര്‍ശത്തില്‍ താലിബാന്റെ പേര് ഒഴിവാക്കിയുള്ള പ്രസ്താവന അംഗീകരിച്ചതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയിലാണ് ഐക്യരാഷ്ട്രസഭ താലിബാനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നത്. മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നാണ് യുഎന്‍ പ്രസ്താവന. 

മുന്‍ അഫ്ഗാന്‍ സര്‍ക്കാരുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമാണ് ഉണ്ടായിരുന്നത്. നിരവധി വന്‍കിട നിര്‍മ്മാണ പദ്ധതികളില്‍ ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താലിബാന്‍ പ്രശ്‌നം സംയമനത്തോടെയാണ് കേന്ദ്രസര്‍ക്കാരും നോക്കിക്കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com