അവസാന മണിക്കൂറില്‍ കോടതി ഇടപെടല്‍ ; അമേരിക്കയില്‍ 52 കാരിക്ക് വധശിക്ഷ ; വിഷം കുത്തിവെച്ച് കൊന്നു

ഇന്‍ഡ്യാനയിലെ ടെറെ ഹോട്ടെ ജയിലിലെ മരണമുറിയില്‍ വെച്ച് വിഷം കുത്തിവെച്ചാണ് 52 കാരിയായ ലിസയുടെ ശിക്ഷ നടപ്പാക്കിയത്
ലിസ മോണ്ട്‌ഗോമറി
ലിസ മോണ്ട്‌ഗോമറി

വാഷിങ്ടണ്‍ : 68 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി. യു എസിലെ കന്‍സാസ് സ്വദേശിനിയായ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇന്‍ഡ്യാനയിലെ ടെറെ ഹോട്ടെ ജയിലിലെ മരണമുറിയില്‍ വെച്ച് വിഷം കുത്തിവെച്ചാണ് 52 കാരിയായ ലിസയുടെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കാന്‍ യു എസ് സുപ്രീംകോടതി അനുമതി നല്‍കിയതോടെയാണ് 68 വര്‍ഷത്തിന് ശേഷം ഒരു വനിത മരണശിക്ഷയ്ക്ക് വിധേയയാകുന്നത്. 

ചൊവ്വാഴ്ച വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിനിടെ മോണ്ട് ഗോമറിയുടെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഇന്‍ഡ്യാന ഫെഡറല്‍ ജഡ്ജി പാട്രിക് ഹാന്‍ലോണ്‍ വധശിക്ഷ സ്‌റ്റേ ചെയ്യുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാന്‍ ഇന്ത്യാനയിലെ കോടതിയില്‍ അവരുടെ അഭിഭാഷകര്‍ 7000 പേജുള്ള ദയാഹര്‍ജിയും നല്‍കിയിരുന്നു. 

എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ യു എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ മൂന്നംഗ കോടതി ഹര്‍ജി പരിഗണിക്കുകയും ഫെഡറല്‍ കോടതിയുടെ ശിക്ഷയ്ക്കുള്ള സ്‌റ്റേ നീക്കുകയായിരുന്നു. പ്രതിയുടെ മാനസിക നില സംബന്ധിച്ച് ദയാഹര്‍ജിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം കാലഹരണപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അപ്പീല്‍ കോടതി വിലയിരുത്തി. 

ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23), 2004 ഡിസംബര്‍ 16ന് അവരുടെ വീട്ടില്‍ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയര്‍ കീറി എട്ടു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു ലിസ മോണ്ട്‌ഗോമറിക്കു കോടതി വധശിക്ഷ വിധിച്ചത്. വയറുപിളര്‍ന്ന് പുറത്തെടുത്ത കുട്ടിയുമായി കടന്നുകളയാന്‍ ലിസ മോണ്ട്‌ഗോമറി ശ്രമിച്ചു എന്നതാണ് കേസിന് ആധാരം.

ഗര്‍ഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏല്‍പിച്ചു. കുട്ടിക്കാലത്തു വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി, അവള്‍ വളര്‍ന്നപ്പോള്‍ മാനസിക ദൗര്‍ബല്യമുള്ളയാളായി. ഇക്കാരണത്താല്‍ ലിസയ്ക്കു മാപ്പു നല്‍കണമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യമുന്നയിച്ചത്. 

68 വര്‍ഷത്തിനു ശേഷമാണ് യുഎസില്‍ വീണ്ടും ഒരു വനിതയ്ക്കു വധശിക്ഷ വിധിക്കപ്പെട്ടത്. 1953 ല്‍ ബോണി ബ്രൗണ്‍ ഹെഡിയുടെ വധശിക്ഷയാണ് യുഎസില്‍ അവസാനമായി നടപ്പാക്കിയത്. കാന്‍സസ് നഗരത്തിലെ ധനികനായ ബോബി ഗ്രീന്‍ലീസിന്റെ ആറു വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ബോണി ബ്രൗണ്‍ ഹെഡിയെയും കാമുകനെയും വധശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച് 81 ദിവസത്തിനു ശേഷം വിഷവാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.യുഎസില്‍ ഇതുവരെ 5 വനിതകളെയാണു  വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുള്ളത്. 

അതേസമയം ലിസ മോണ്ട്‌ഗോമറിക്കൊപ്പം വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന മറ്റ് രണ്ടു പ്രതികളുടെ ശിക്ഷ നടപ്പാക്കല്‍ നീട്ടിവെച്ചു. കോറി ജോണ്‍സണ്‍, ഡസ്റ്റിന്‍ ഹിഗ്‌സ് എന്നിവരുടെ ശിക്ഷയാണ് നീട്ടിവെച്ചത്. ഇരുവര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കല്‍ നീട്ടിയത്. 52 കാരനായ കോറി ജോണ്‍സനെ ജനുവരി 14 നും 48 കാരനായ ഡിഗ്‌സിനെ ജനുവരി 15 നും വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. കോവിഡ് ഭേദമായ ശേഷമാകും പുതിയ തീയതി തീരുമാനിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com