പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം
എക്‌സ്പ്രസ് ഇല്ലുസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇല്ലുസ്‌ട്രേഷന്‍


പാരീസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം.

ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തുകയും ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന്  അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണ വെബ്‌സൈറ്റായ മീഡിയപാര്‍ട്ട് പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ മീഡിയാ പാര്‍ട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെ നമ്പറും ഉള്‍പ്പെട്ടതായി മീഡിയാപാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇസ്രയേല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലും വിവാദം പുകയുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും ഫോണ്‍ ചോര്‍ന്നവരുടെ പട്ടികയിലുണ്ട്. അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോഴും, കേന്ദ്രം രാഷ്ട്രീയ ആരോപണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com