നിരവധി ഡാമുകള്‍ തകര്‍ന്നു, റോഡുകളില്‍ കുത്തിയൊലിച്ച് പ്രളയജലം; വെള്ളപ്പരപ്പില്‍ ഒഴുകി കാറുകള്‍, അത്യപൂര്‍വ്വ മഴ, ചൈനയിലെ ദുരിതകാഴ്ചകള്‍ - വീഡിയോ

ചൈനയിലെ സെങ്ഷൂ മേഖലയില്‍ ആയിരം വര്‍ഷങ്ങള്‍ക്കിടെ പെയ്ത റെക്കോര്‍ഡ് മഴയില്‍ വന്‍ നാശനഷ്ടം
സെങ്ഷൂ നഗരത്തിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നു, എപി ചിത്രം
സെങ്ഷൂ നഗരത്തിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നു, എപി ചിത്രം

ബീജിംഗ്: ചൈനയിലെ സെങ്ഷൂ മേഖലയില്‍ ആയിരം വര്‍ഷങ്ങള്‍ക്കിടെ പെയ്ത റെക്കോര്‍ഡ് മഴയില്‍ വന്‍ നാശനഷ്ടം. 12 സബ് വേ യാത്രക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞ് 25 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രക്ഷാദൗത്യത്തിനായി സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു.

ശനിയാഴ്ച മുതലാണ് ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൂ പ്രദേശത്ത് മഴ തുടങ്ങിയത്. 1.2 കോടി ജനങ്ങളാണ് ഷെങ്ഷൂ നഗരത്തില്‍ താമസിക്കുന്നത്. ജനജീവിതത്തെ സാരമായി ബാധിച്ചതായാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 617.1മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് പെയ്തത്. സിറ്റിയിലെ ശരാശരി വാര്‍ഷിക മഴയ്ക്ക് സമമാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നഗരത്തില്‍ പെയ്തിറങ്ങിയത്. റോഡും സബ് വേ ട്രെയിനും അടക്കം ഒട്ടുമിക്ക പൊതുസ്ഥലങ്ങളും വെള്ളത്തിന്റെ അടിയിലായി.

വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് സബ് വേ സംവിധാനം നിര്‍ത്തിവെച്ചിരിക്കുകയാണ്. 153 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് സബ് വേ സംവിധാനം. റോഡിലൂടെ കാറുകള്‍ ഒഴുകി നടക്കുന്നതിന്റേയും മാളില്‍ അരയ്ക്ക് ഒപ്പം വെള്ളത്തില്‍ കുടുങ്ങി  കിടക്കുന്ന നഗരവാസികളെ കയര്‍ ഉപയോഗിച്ച് രക്ഷിക്കുന്നതിന്റേയും അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലഭാഗങ്ങളും ഇരുട്ടിലാണ്. 10,000 രോഗികള്‍ ഉള്ള ആശുപത്രി, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പ്രതിസന്ധിയിലായി. 600 ഗുരുതര രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 

വെള്ളപ്പൊക്കം ഏകദേശം 12 ലക്ഷത്തില്‍പ്പരം ആളുകളെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്നരലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം സബ് വേ ട്രെയിനില്‍ കഴുത്തോളം വെള്ളത്തില്‍ രക്ഷിയ്ക്കണെ എന്നപേക്ഷിച്ച് യാത്രക്കാര്‍ മുറവിളി കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കനത്തമഴയെ തുടര്‍ന്ന് പുഴകളിലെ ജലനിരപ്പ് അപകടനിലയിലാണ്. നീരൊഴുക്ക് ശക്തമായതോടെ നിരവധി അണക്കെട്ടുകള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലുയാങ് നഗരത്തിലെ യിഹതന്‍ ഡാം എപ്പോള്‍ വേണമെങ്കിലും തകരാമെന്ന അവസ്ഥയിലായിരുന്നു. 

ചൈനയിലെ രണ്ടാമത്തെ നീളമുള്ള നദിയായ യെല്ലോ നദിയുടെ തീരത്താണ് ഷെങ്ഷൂ നഗരം. ഇതാണ് നഗരത്തില്‍ പ്രളയം ഉണ്ടാവാന്‍ ഒരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രളയം സംഭവിക്കാതിരിക്കാന്‍ നിരവധി ഡാമുകളും റിസര്‍വോയറുകളും നദിക്ക് കുറുകെ പണിതിട്ടുണ്ട്. അത്യപൂര്‍വ്വമഴയില്‍ പ്രളയജലം തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com