പക്ഷിപ്പനിയുടെ വകഭേദം മനുഷ്യരില്‍; കണ്ടെത്തിയത് ചൈനയില്‍, ലോകത്ത് ആദ്യം

ആശങ്ക വര്‍ധിപ്പിച്ച് ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് ബാധ ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: ആശങ്ക വര്‍ധിപ്പിച്ച് ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് ബാധ ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. 

പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. താരതമ്യേന ഗുരുതരമാകാന്‍ സാധ്യത ഇല്ലാത്ത H10N3 വൈറസ് പടര്‍ന്നുപിടിക്കാന്‍ സാധ്യത കുറവാണെന്നും എന്‍എച്ച്‌സി അറിയിച്ചു. രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ആശുപത്രിയില്‍നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല. 

പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്. കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com