വീടിന് അടിയില്‍ 90 വിഷപ്പാമ്പുകള്‍; നാലു മണിക്കൂര്‍ കൊണ്ടു പിടികൂടി, രണ്ടു ബക്കറ്റ് നിറയെ, ഞെട്ടല്‍

മലയടിവാരത്തിലെ വീടിന്റെ അടിയില്‍ 90ലേറെ വിഷപ്പാമ്പുകള്‍
എപി ചിത്രം
എപി ചിത്രം

സാന്‍ഫ്രാന്‍സിസ്‌കോ: മലയടിവാരത്തിലെ വീടിന്റെ അടിയില്‍ 90ലേറെ വിഷപ്പാമ്പുകള്‍. അമേരിക്കയിലെ നോര്‍ത്തേണ്‍ കലിഫോര്‍ണിയയിലാണ് വീട്ടുകാരെയും പാമ്പുപിടിത്തക്കാരെയും അമ്പരപ്പിച്ച സംഭവം.

മലയടിവാരത്തില്‍നിന്ന് ഒരു സ്ത്രീ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് പാമ്പിനെ പിടിക്കാന്‍ എത്തിയതെന്ന് സൊനോമ കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യൂ ഡയറക്ടര്‍ വോള്‍ഫ് പറയുന്നു. ആദ്യം ഒരു പാമ്പിനെ പിടിച്ചു, പിന്നീട് മറ്റൊന്നിനെക്കൂടി. പിന്നെയും നോക്കിയപ്പോഴാണ് പാമ്പുകള്‍ കട്ട പിണഞ്ഞ് വലിയ കൂട്ടമായി കിടക്കുന്നത് കണ്ടത്.

മരം കൊണ്ടു നിര്‍മിച്ച വീടിന് അടിയിലൂടെ ഇഴഞ്ഞാണ് വോള്‍ഫ് പാമ്പിനെ പിടിക്കാന്‍ പോയത്. വന്‍ കൂട്ടത്തോടെ കണ്ടതോടെ തിരിച്ചെത്തിയ താന്‍ രണ്ടു ബക്കറ്റുകളുമായി വീണ്ടും പോവുകയായിരുന്നെന്ന് വോള്‍ഫ് പറയുന്നു.

നാലു മണിക്കൂര്‍ കൊണ്ടാണ് വോള്‍ഫ് പാമ്പുകളെ മുഴുവന്‍ ബക്കറ്റുകളിലാക്കിയത്. 22 വലിയ പാമ്പുകളെയും 59 കുഞ്ഞുങ്ങളെയുമാണ് വോള്‍ഫ് ആദ്യം പിടികൂടിയത്. വീണ്ടും ഒരു തവണ കൂടി ശ്രമിച്ചപ്പോള്‍ 11 എണ്ണത്തിനെ കൂടി കിട്ടിയതായി വോള്‍ഫ് പറഞ്ഞു. 

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഉറങ്ങുന്ന പാമ്പുകള്‍

ഒരു പൂച്ചയെയും എലിയെയും സമീപത്തു ചത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തി. പാമ്പു കടിച്ചതാണോയെന്നു വ്യക്തമല്ല. വിഷമുള്ള റാറ്റില്‍ സ്‌നേക്ക് ഇനത്തില്‍ പെട്ടതാണ് പാമ്പുകളെല്ലാം. വടക്കന്‍ കലിഫോര്‍ണിയയിലാണ് ഇവയെ കണ്ടുവരുന്നത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പൊതുവേ ഇവ നിദ്രയില്‍ കഴിയുകയാണ് പതിവ്. ചൂടുള്ള ഏതെങ്കിലും ഒഴിഞ്ഞ പ്രദേശം കണ്ടെത്തിയാണ് 'ഹൈബര്‍നേഷന്‍'. ഒരു തവണ ഹൈബര്‍നേറ്റ് ചെയ്യുന്ന സ്ഥലത്തേക്ക് അടുത്ത വര്‍ഷം വീ്ണ്ടും എത്തും എന്നതാണ് ഇവയുടെ പ്രത്യേകത.

കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷമായി പാമ്പു പിടിത്തം നടത്തുന്നയാളാണ് വോള്‍ഫ്. പതിമൂന്നു തവണ കടിയേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com