'എത്ര തിരക്കായാലും ഷി അപ്പൂപ്പന്‍ നമ്മുടെ കാര്യങ്ങളൊക്കെ നോക്കും'; ചൈനയിലെ പാഠപുസ്തകങ്ങളില്‍ നിറഞ്ഞ് ഷീ ജിന്‍പിങ്

'എത്ര തിരക്കായാലും ഷി അപ്പൂപ്പന്‍ നമ്മുടെ കാര്യങ്ങളൊക്കെ നോക്കും'; ചൈനയിലെ പാഠപുസ്തകങ്ങളില്‍ നിറഞ്ഞ് ഷീ ജിന്‍പിങ്
ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍
ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ഫയല്‍

ബീജിങ്: ചൈനയിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ ഇനി പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ചിന്തകളും ആശയങ്ങളും. പ്രൈമറി സ്‌കൂള്‍ മുതല്‍ ബിരുദ കോഴ്‌സുകള്‍ വരെയുള്ള പാഠ്യ പദ്ധതി ഇതിനായി പുതുക്കി നിശ്ചയിച്ചു. ചെറുപ്പം മുതല്‍ കുട്ടികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരായി വളരുന്നതിനാണ് മാറ്റമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.

ഷി ജിന്‍പിങ്ങിന്റെ രാഷ്ട്രീയ ചിന്തകളാണ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയോടും രാജ്യത്തോടും സോഷ്യലിസ്റ്റ് ആശയങ്ങളോടും വിദ്യാര്‍ഥികള്‍ക്ക് അടുപ്പമുണ്ടാക്കാന്‍ അധ്യാപകര്‍ ചുമതലപ്പെട്ടവരാണെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ പറയുന്നു. 

ഇന്നലെ പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കു കിട്ടിയ പാഠ പുസ്തകത്തില്‍ ഷിയുടെ ചിരിക്കുന്ന ചിത്രമുണ്ട്. രാജ്യത്ത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്കിനെക്കുറിച്ച് പ്രാഥമിക വിദ്യാലയങ്ങളിലെ പാഠപുസ്തകത്തില്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. കോവിഡിനെതിരൊയ പോരാട്ടത്തില്‍ ചൈന വഹിച്ച പങ്കും പാഠപുസ്തകത്തില്‍ ഇടംപിടിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

''ഷി അപ്പൂപ്പന്‍ വളരെ തിരിക്കുള്ളയാളാണ്. എത്ര തിരക്കായാലും നമ്മുടെ കാര്യങ്ങളിലൊക്കെ വളരെ ശ്രദ്ധാലുവാണ് അദ്ദേഹം. എന്തു കാര്യത്തിനും നമ്മോടൊപ്പം ചേരും''- പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. ഷി മുന്നോട്ടുവയ്ക്കുന്ന പതിനാലു തത്വങ്ങള്‍ പാഠപുസ്തകത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com