ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; പ്രധാനമന്ത്രി ഇന്ന് പ്രസിഡന്റിനെ കാണും; കര്‍ഫ്യൂ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍

ജനകീയ പ്രക്ഷോഭങ്ങള്‍ക്കു തടയിടാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനരോഷം ശക്തമായി തുടരുന്നു. കര്‍ഫ്യൂ ലംഘിച്ചും നിരവധി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു. പ്രതിസന്ധിക്ക് കാരണക്കാരായ പ്രസിഡന്റ് ഗോതബയ രജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ, മന്ത്രിമാരായ മറ്റ് രജപക്‌സെ കുടുംബാംഗങ്ങളെല്ലാം രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രതിപക്ഷം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം ചിലയിടങ്ങളില്‍ അക്രമാസക്തമായി. 

കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം തടയാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. കാന്‍ഡി നഗരത്തിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ കൊളംബോയില്‍ എംപിമാര്‍ മാര്‍ച്ച് നടത്തി.

അതിനിടെ ശ്രീലങ്കയിലെ മന്ത്രിമാരെല്ലാം കൂട്ടരാജി സമര്‍പ്പിച്ചു. ഇന്നലെ രാത്രി അടിയന്തരമന്ത്രിസഭായോഗം ചേര്‍ന്നശേഷമാണ് മന്ത്രിമാരെല്ലാം കൂട്ടരാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി മഹിന്ദയുടെ മകനും യുവജനകാര്യ, കായിക വകുപ്പ് മന്ത്രിയുമായ നമല്‍ രാജപക്‌സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും രാജിവെച്ചതായി അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു. 

എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയും സഹോദരന്‍ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ചയ്ക്കകം ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി പ്രസിഡന്റിനു കത്തുനല്‍കി. പ്രധാനമന്ത്രി ഇന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെയുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം തേടി, പ്രസിഡന്റിന്റെ വസതിക്കു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറി പ്രതിഷേധക്കാരിലൊരാള്‍ ജീവനൊടുക്കി.

അതിനിടെ, ജനകീയ പ്രക്ഷോഭങ്ങള്‍ക്കു തടയിടാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്  ഇന്നലെ ലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനും മന്ത്രിയുമായ നമല്‍ രാജപക്‌സെയും സിനിമാതാരങ്ങളും അടക്കം സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നതോടെയാണ് വിലക്കു പിന്‍വലിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനെന്ന പേരിലാണ് ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com