പാകിസ്ഥാനില്‍ അതിസുരക്ഷ; ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും; ദേശീയ അസംബ്ലി നാളെ

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ദേശീയ അസംബ്ലി ചേരുമെന്ന് ഇടക്കാല സ്പീക്കര്‍  അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ നാളെ തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് (70) പുതിയ പ്രധാനമന്ത്രിയായേക്കും. പ്രതിപക്ഷ നേതാവായ ഷഹബാസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. 

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ദേശീയ അസംബ്ലി ചേരുമെന്ന് ഇടക്കാല സ്പീക്കര്‍ അയാസ് സാദിഖ് അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. ഇതിന്റെ പരിശോധന വൈകീട്ട് മൂന്നുമണിയ്ക്ക് നടക്കുമെന്നും അയാസ് സാദിഖ് വ്യക്തമാക്കി. നാളെ പുതിയ പ്രധാനമന്ത്രിയെ ദേശീയ അസംബ്ലി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

പുതിയ സര്‍ക്കാര്‍ ആര്‍ക്കെതിരെയും പ്രതികാര നടപടികള്‍ കൈക്കൊള്ളില്ലെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കും. ഒരാളെയും അനാവശ്യമായി ജയിലില്‍ അടയ്ക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, സര്‍ക്കാര്‍ ഒരു തരത്തിലും തെറ്റായി ഇടപെടില്ലെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ഇമ്രാന്‍ സര്‍ക്കാര്‍ പുറത്തുപോയതിന് പിന്നാലെ, പാകിസ്ഥാന്റെ പേടിസ്വപ്‌നം ഒഴിവായെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. 

അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് നിമിഷങ്ങള്‍ക്കകം ഇമ്രാന്‍ ഖാന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. അതിനിടെ ഇമ്രാന്‍ ഖാന്‍ വീട്ടു തടങ്കലിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവിശ്വാസപ്രമേയം വിജയിച്ചതിന് പിന്നാലെ, പാകിസ്ഥാന്‍ പാര്‍ലമെന്റിന് പുറത്ത് ഇമ്രാന്‍ അനുകൂലികളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് ദേശീയ അസംബ്ലിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അതിജാഗ്രത പുറപ്പെടുവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com