ഒറ്റ ദിനം, പത്തു ലക്ഷം പേര്‍ക്ക് കോവിഡ്; യുഎസില്‍ കോവിഡ് സൂനാമി

ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  ഒമൈക്രോണ്‍ തീവ്രതോതില്‍ വ്യാപിക്കുന്ന അമേരിക്കയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് പത്തു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകള്‍ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്.

നാലു ദിവസം മുമ്പ് യുഎസില്‍ ഒരു ദിവസം 5,90,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ ഇരട്ടിയോളമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെല്‍റ്റ വകഭേദം വ്യാപകമായി പടര്‍ന്നുപിടിച്ച സമയത്ത് കഴിഞ്ഞ മെയ് ഏഴിന് 4,14,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കേസുകള്‍ വന്‍തോതില്‍ കൂടിയെങ്കിലും അതിന് അനുസരിച്ച് ഹോസ്പിറ്റലൈസേഷന്‍ കൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ മരണങ്ങളും ഉണ്ടാവുന്നില്ല. അമേരിക്കക്കാര്‍ വ്യാപകമായി ടെസ്റ്റ് ചെയ്യുകയും പോസിറ്റിവ് ആണെന്നു കണ്ടെത്തുന്നവര്‍ വീടുകള്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ആളുകള്‍ കൂടുതലായി ഐസൊലേഷനിലേക്കു പോയതോടെ വിമാനങ്ങള്‍ റദ്ദാക്കുന്നതും ഓഫിസുകള്‍ അടഞ്ഞുകിടക്കുന്നതും പതിവായിട്ടുണ്ട്. പലയിടത്തും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. 

ഇന്ത്യയില്‍ മൂന്നാം തരംഗം

അതിനിടെ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമൈക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമൈക്രോണ്‍ വകഭേദം മൂലമാണെന്ന്് കോവിഡ് വാക്‌സിന്‍ ദൗത്യസംഘം തലവന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമൈക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. ഒമൈക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയില്‍ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമൈക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com