ശ്രീലങ്കയില്‍ പ്രധാനമന്ത്രി ആക്ടിങ് പ്രസിഡന്റ്; വസതിക്ക് മുന്നില്‍ തെരുവ് യുദ്ധം

പ്രക്ഷോഭം നേരിടാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരിക്കുകയാണ്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

കൊളംബൊ: ഭരണകൂടത്തിന് എതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെ പ്രക്ഷോഭകരെ ഭയന്ന് രാജ്യം വിടുന്നതിന് മുന്‍പാണ് പ്രധാനമന്ത്രിയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ച് ഉത്തരവിട്ടത്. പ്രക്ഷോഭം നേരിടാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരിക്കുകയാണ്. 

പാര്‍ലമെന്റ് സ്പീക്കര്‍ മഹീന്ദ അഭയവര്‍ധനയാണ് പ്രധാനമന്ത്രിയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ച കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 37(1)പ്രകാരമാണ് നപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തതിന് ശേഷം, പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകര്‍ വളഞ്ഞതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ വിക്രമസിംഗെ ഉത്തരവിട്ടു. 

ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കും ഒപ്പമമാണ് രജപക്‌സെ സൈനിക വിമാനത്തില്‍ രാജ്യം വിട്ടത്. ശനിയാഴ്ച രജപക്‌സെ രാജി പ്രഖ്യപിച്ചിരുന്നു. രജപക്‌സെ രാജ്യം വിട്ടതറിഞ്ഞ പ്രക്ഷോഭകര്‍ ശ്രീലങ്കന്‍ തെരുവുകളില്‍ ആഹ്ലദ പ്രകടനങ്ങള്‍ നടത്തി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞത്. തുടര്‍ന്ന് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രധാനമന്തിയുടെ വസതിയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം വീണ്ടും തമ്പടിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com