'ആണവ യുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍, റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ട'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യമന്ത്രി 

മൂന്നാംലോക മഹായുദ്ധം ഉണ്ടായാല്‍ അത്  ആണവയുദ്ധമായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു
സെര്‍ജി ലാവ്‌റോവ് , എപി
സെര്‍ജി ലാവ്‌റോവ് , എപി

മോസ്‌കോ: ആണവ യുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. മൂന്നാംലോക മഹായുദ്ധം ഉണ്ടായാല്‍ അത്  ആണവയുദ്ധമായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ സൈനികനീക്കം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍, ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ലാവ്റോവിന്റെ ആരോപണം. 

ഒരുകാരണവശാലും പ്രകോപനം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. മൂന്നാം ലോകയുദ്ധമുണ്ടായാല്‍ അത് ആണവ യുദ്ധമായിരിക്കുമെന്നും ലാവ്റോവ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്കു തയാറാണ്. ഉപാധികള്‍ യുക്രൈന് മുന്നിലുണ്ട്. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. യുക്രൈന് സൈനിക പരിശീലനം നല്‍കുന്നത് പാശ്ചാത്യരെന്നും സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി.

അമേരിക്കയെ നെപ്പോളിയനോടും ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനോടും ലാവ്‌റോവ് താരതമ്യം ചെയ്തു. ഇവരുടെ ഭരണകാലത്ത് യൂറോപ്പിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ അവരുടെ സ്ഥാനത്ത് അമേരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് റഷ്യയില്‍നിന്ന് ആണവ ഭീഷണിയുണ്ടായത്. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സേനാ കമാന്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതു സമ്മര്‍ദ തന്ത്രമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതിനിടെ റഷ്യ- യുക്രൈന്‍ രണ്ടാം വട്ട ചര്‍ച്ച ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് ആറരയ്ക്ക് നടക്കും. ബെലറൂസ് - പോളണ്ട് അതിര്‍ത്തിയിലെ ബ്രെസ്റ്റിലാണ് ചര്‍ച്ച നടക്കുക. അതിനിടെ കേഴ്‌സ്ന്‍ റഷ്യ പിടിച്ചെടുത്തു. നീപര്‍ നദിതീരത്തെ പ്രധാന നഗരമാണ് കേഴ്‌സന്‍. ഇതോടെ കരിങ്കടലില്‍ നിന്ന് കീവിലേക്കുള്ള പാത റഷ്യയുടെ അധീനതയിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com