നാലു നഗരങ്ങളില്‍ റഷ്യ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; സാധാരണക്കാരെ ഒഴിപ്പിക്കും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കും
റഷ്യൻ റോക്കറ്റാക്രണത്തിൽ ഹാർകീവിൽ സാധാരണ പൗരൻ കൊല്ലപ്പെട്ട നിലയിൽ/ പിടിഐ
റഷ്യൻ റോക്കറ്റാക്രണത്തിൽ ഹാർകീവിൽ സാധാരണ പൗരൻ കൊല്ലപ്പെട്ട നിലയിൽ/ പിടിഐ

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ്, മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നാലു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍.

പോരാട്ടം രൂക്ഷമായ ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിരവധി മനുഷ്യത്വ ഇടനാഴികല്‍ തുറക്കുമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കി.

ലുഹാന്‍സ്‌കിലെ എണ്ണസംഭരണ ശാലയുടെ നേര്‍ക്കുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, ഓയില്‍ പ്ലാന്റില്‍ ശക്തമായ സ്‌ഫോടനമുണ്ടായി. 

മറ്റൊരു നഗരമായ മൈക്കോലെവില്‍ ശക്തമായ റോക്കറ്റാക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യന്‍ വ്യോമാക്രമണത്തിൽ  വിനിത്സിയ എയര്‍പോര്‍ട്ട് തകര്‍ന്നു. ക്രമാറ്റോര്‍സ്‌കില്‍ ജനവാസ കേന്ദ്രത്തില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടു. 

ഹാര്‍കീവില്‍ റഷ്യന്‍ യുദ്ധവിമാനം യുക്രൈന്‍ വെടിവെച്ചിട്ടു. പൈലറ്റ് മരിച്ചു. യുദ്ധത്തില്‍ ഇതുവരെ 38 കുട്ടികള്‍ കൊല്ലപ്പെട്ടതായും, 71 കുട്ടികള്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അറിയിച്ചു. സപോര്‍ഷ്യ ആണവ നിലയത്തില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്. 

മോദി പുടിനെ വിളിക്കും

അതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കും. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ മോദി പുടിനോട് ആവശ്യപ്പെട്ടേക്കും. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യുഎന്നില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായും ഫോണില്‍ സംസാരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com