ജനവാസ മേഖലയില്‍ വീണത് 500 കിലോ ഭാരമുള്ള ബോംബ്; ഭാഗ്യത്തിന് പൊട്ടിയില്ലെന്ന് യുക്രൈന്‍

1954ല്‍ ആണ് ഈ ബോംബ് വികസിപ്പിച്ചത്. 1962ല്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പായ എം 62 പുറത്തിറക്കി
യുക്രൈന്‍ വിദേശകാര്യ മന്ത്രി പങ്കുവച്ച ചിത്രം
യുക്രൈന്‍ വിദേശകാര്യ മന്ത്രി പങ്കുവച്ച ചിത്രം

ഷ്യയുടെ 500 കിലോ ഭാരമുള്ള ബോംബ് വടക്കന്‍ യുക്രൈനിലെ ജനവാസമേഖലയില്‍ വീണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബ. വമ്പന്‍ ബോംബിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. ചേര്‍ണീവിലെ ജനവാസമേഖലയില്‍ വീണ ബോംബ് ഭാഗ്യവശാല്‍ പൊട്ടിയില്ല. എന്നാല്‍ ഇതേപോലെ മറ്റുപലയിടങ്ങളിലും ഇത്തരം ബോംബുകള്‍ വീണു. അവ പൊട്ടുകയും ചെയ്തു. നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്തു. സഹായിക്കണം, റഷ്യയെ എതിര്‍ക്കാന്‍ യുദ്ധവിമാനങ്ങള്‍ തരണം. കുലേബ ട്വീറ്റില്‍ കുറിച്ചു. 

ഫാബ് 500 എന്നു പേരുള്ള സോവിയറ്റ് കാലത്തെ ബോംബാണ് ചേര്‍ണീവില്‍ വീണതായി കുലേബ പറയുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. വ്യോമസേന ഉപയോഗിക്കുന്ന 'അണ്‍ഗൈഡഡ്' വിഭാഗത്തിലുള്ള ബോംബാണ് ഫാബ് 500. 1954ല്‍ ആണ് ഈ ബോംബ് വികസിപ്പിച്ചത്. 1962ല്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പായ എം 62 പുറത്തിറക്കി. മിക്ക റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്കൊപ്പവും ഉപയോഗിക്കാവുന്ന തരത്തിലാണ് ബോംബിന്റെ രൂപഘടന. രണ്ടര മീറ്റര്‍ നീളവും 40 സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് ഈ ബോംബ്.

ഫാബ് 500 ബോംബിന്റെ എം 62 വകഭേദം അഫ്ഗാനിസ്ഥാനനില്‍ സോവിയറ്റ് വ്യോമസേന എണ്‍പതുകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് സിറിയന്‍ സൈനിക ദൗത്യങ്ങളിലും റഷ്യ ഈ ബോംബുകള്‍ ഉപയോഗിക്കുന്നുണ്ട്. 570 മീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിന്നാണ് ഈ ബോംബ് താഴേക്കിടുന്നത്. മണിക്കൂറില്‍ 500 മുതല്‍ 2000 കിലോമീറ്റര്‍ വരെ വേഗം ഇതു കൈവരിക്കും. മിലിട്ടറി കെട്ടിങ്ങള്‍, റെയില്‍വേ, എയര്‍ സ്റ്റേഷനുകള്‍, കവചിത വാഹന വ്യൂഹങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങളെയാണ് ഈ ബോംബ് സാധാരണഗതിയില്‍ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com