ഭക്ഷ്യസാധനങ്ങള്‍ കിട്ടാനില്ല, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരക്ക്; പഞ്ചസാരയ്ക്കായി അടിപിടി, റഷ്യയില്‍ നിന്നുള്ള കാഴ്ച- വീഡിയോ 

കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്
സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരയ്ക്ക് വേണ്ടി അടിപിടി കൂടുന്ന ഉപഭോക്താക്കള്‍
സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരയ്ക്ക് വേണ്ടി അടിപിടി കൂടുന്ന ഉപഭോക്താക്കള്‍

മോസ്‌കോ: യുക്രൈനിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ ഭക്ഷ്യസാധനങ്ങള്‍ക്കു പോലും വലഞ്ഞ് റഷ്യന്‍ ജനത. കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 

സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാര പായ്ക്കറ്റിനായി ആളുകള്‍ ഉന്തും തള്ളും ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.  ആളുകള്‍ ബഹളം വയ്ക്കുന്നതും വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലഭ്യത കുറഞ്ഞതോടെ ചില കടകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. 

ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവും ആദ്യം ബാധിച്ചത് പഞ്ചസാര വിപണിയെയാണ്.  എന്നാല്‍, പഞ്ചസാരയ്ക്ക് ക്ഷാമം ഇല്ലെന്നും ജനം പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

റഷ്യയില്‍ വിലക്കയറ്റം രൂക്ഷമാണ്.2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് നേരിടുന്നത്. പഞ്ചസാരയുടെ വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.  വിലക്കയറ്റം തടയുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് റഷ്യന്‍ നഗരങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. റൂബിളിന്റെ മൂല്യം  ഇടിഞ്ഞതും റഷ്യയെ വലയ്ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com