മത്തങ്ങ ജാം! തിരക്കുള്ള റോഡിലേക്ക് മറിഞ്ഞുവീണത് 1205 കിലോയുള്ള മത്തങ്ങ; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്

21.3 കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോര്‍ഡ് ഈ മത്തങ്ങയ്ക്ക് നഷ്ടമായത്. 
റോഡില്‍ വീണ കൂറ്റന്‍മത്തങ്ങ ഉയര്‍ത്തുന്നു/ വീഡിയോ ദൃശ്യം
റോഡില്‍ വീണ കൂറ്റന്‍മത്തങ്ങ ഉയര്‍ത്തുന്നു/ വീഡിയോ ദൃശ്യം

സതാംപ്ടണ്‍: മത്തങ്ങ ഫെസ്റ്റിവലിലേക്ക് കൊണ്ടുപോകുകയായിരുന്ന കൂറ്റന്‍ മത്തങ്ങ റോഡില്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് ഉണ്ടായത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ സതാംപ്ടണിനടുത്തായിരുന്നു സംഭവം. ഒന്നും രണ്ടുമല്ല 1205 കിലോഗ്രാം ഭാരമുള്ള ഒരു ഭീമന്‍ മത്തങ്ങയാണ് റോഡില്‍ മറിഞ്ഞുവീണത്. സണ്ണിഫീല്‍ഡ്‌സ് ഫാമില്‍ നടക്കുന്ന പംകിന്‍ ഫെസ്റ്റിവലിലേക്ക് കൊണ്ടുപോവുകയായിരുന്നു മത്തങ്ങ.

ഇംഗ്ലണ്ടിലെ ലൈമിങ്ടണ്‍ സ്വദേശികളായ ഇയാന്‍, സ്റ്റുവര്‍ട്ട് എന്നീ ഇരട്ട സഹോദരന്മാരുടെ ഫാമില്‍ വിളഞ്ഞ മത്തങ്ങയാണിത്. ഇതിന്റെ ഭാരം തൂക്കുന്നതിനായായി മത്തങ്ങ ബര്‍ക്ഷെയറിലേക്ക് എത്തിച്ചിരുന്നു. കൃത്യമായി തൂക്കം പരിശോധിച്ച ശേഷം യുകെയില്‍ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങയാണിത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 21.3 കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോര്‍ഡ് ഈ മത്തങ്ങയ്ക്ക് നഷ്ടമായത്. 

ട്രെയിലറില്‍ കെട്ടിവച്ചാണ് മത്തങ്ങ കൊണ്ടുപോയത്. ഫാമിന് തൊട്ടടുത്തുവരെ എത്തിയെങ്കിലും മത്തങ്ങയുടെ ഭാരം കാരണം ട്രെയിലര്‍ ചരിഞ്ഞതോടെ അത് റോഡിലേക്ക വീഴുകയായിരുന്നു. കൂറ്റന്‍ മത്തങ്ങ റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ മണിക്കൂറുകളാണ് വേണ്ടിവന്നത്. മത്തങ്ങ ഉയര്‍ത്തിയെടുക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ മത്തങ്ങക്ക് ചുറ്റും കെട്ടുകളിട്ട് ഉറപ്പിച്ച ശേഷം  ഉയര്‍ത്തിയെടുക്കുകയായിരുന്നു. 

ഏതാനും പോറലുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മത്തങ്ങക്ക് സാരമായി പരിക്കേറ്റില്ലെന്നും ഇയാന്‍ പറയുന്നു. വിചിത്ര സംഭവമായതിനാല്‍ ധാരാളം ആളുകള്‍ റോഡില്‍ വീണു കിടക്കുന്ന മത്തങ്ങയുടെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. ലോക റെക്കോര്‍ഡ് നേടാനായില്ലെങ്കിലും തങ്ങള്‍ നിരാശരല്ല എന്ന് ഇരുവരും പറയുന്നു. കാരണം ഇവരുടെ ഫാമില്‍ മറ്റൊരു മത്തങ്ങ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നുണ്ട്. മത്തങ്ങയുടെ വലുപ്പം കണ്ടിട്ട് അത് ലോക റെക്കോര്‍ഡ് നേടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അടുത്തയാഴ്ച മത്തങ്ങയുടെ ഭാരം നോക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്തുതന്നെയായാലും ഇനിയും മത്തങ്ങ വാഹനത്തില്‍  കയറ്റുമ്പോള്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതെ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com