നിത്യാനന്ദയുടെ നില ​ഗുരുതരം, ശ്രീകൈലാസത്തിൽ ചികിത്സാ സൗകര്യമില്ല; ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടി കത്ത് 

നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം
നിത്യാനന്ദ/ ഫയൽ
നിത്യാനന്ദ/ ഫയൽ

കൊളംബോ: വിവാദ ആൾദൈവം നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. 

കൈലാസത്തിൽ ലഭ്യമായ മെഡിക്കൽ സൗകര്യങ്ങൾ വച്ച് അടിസ്ഥാന രോഗനിർണയം നടത്താൻ ഡോക്ടർമാർക്ക് ഇപ്പോഴും കഴിയുന്നില്ലെന്നാണ് കത്തിൽ പറയുന്നത്. നിത്യാനന്ദയെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയിൽ സുരക്ഷിതമായി വൈദ്യസഹായം നൽകാനും കഴിയുമെന്നും പറഞ്ഞിട്ടുണ്ട്. ചികിത്സയുടെയും  ഉപകരണങ്ങളുടെയും ചിലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താമെന്നും കത്തിൽ വാ​ഗ്ദാനമുണ്ട്. 

അടുത്തിടെ നിത്യാനന്ദയ്ക്കെതിരെ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്. നിത്യാനന്ദയുടെ മുൻ ഡ്രൈവറായിരുന്ന ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമൻസുകൾ നിത്യാനന്ദയ്ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റിറക്കിയത്. അതേസമയം ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്‌പോർട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com