മോചിപ്പിച്ചതിനു പിന്നാലെ ഫ്രാൻസിലേക്ക് നാടുകടത്തി, ചാൾസ് ശോഭരാജിനെ കാത്ത് മകളും അമ്മയും പാരീസിൽ 

10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്
ചാള്‍സ് ശോഭ്‌രാജ്/ പിടിഐ
ചാള്‍സ് ശോഭ്‌രാജ്/ പിടിഐ

കഠ്മണ്ഡു; നേപ്പാളിൽ ജയിൽമോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. പ്രായാധിക്യം കണക്കിലെടുത്ത് ജയിലിൽ നിന്ന് മോചിപ്പിച്ചതിനു പിന്നാലെയാണ് നാടു കടത്തൽ. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. 

വെള്ളിയാഴ്ച രാവിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് ശോഭരാജിനെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ചു. ദോഹയിൽ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും. പാരിസിൽ ശോഭരാജിന്റെ മകളും അമ്മയും കാത്തുനിൽക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി.

നേപ്പാളിലെ ഗംഗാലാൽ ആശുപത്രിയിൽ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അധികൃതർ അനുമതി നൽകിയില്ല. 2017 ൽ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്. ജസ്റ്റിസുമാരായ സപാന പ്രധാന്‍ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ബെഞ്ചാണ് 78 കാരനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്. ജയിൽ മോചിതനായി 15 ദിവസത്തിനുള്ളില്‍ നാടു കടത്തണമെന്നും പറഞ്ഞിരുന്നു. 

ബിക്കിനി കില്ലർ

'ബിക്കിനി കില്ലര്‍',  'സര്‍പ്പം' എന്നീ പേരുകളില്‍ അറിയപ്പെട്ട ചാള്‍സ് 1975ല്‍ നേപ്പാളില്‍ വച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ രണ്ടാമത്തെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 

ജയില്‍ ശിക്ഷപൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ശോഭരാജ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ അടിസ്ഥാനമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശിക്ഷാകാലാവധിയായ 20 വര്‍ഷത്തില്‍ 19 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചു. നല്ലനടപ്പ് ചൂണ്ടിക്കാണിച്ച് ജയില്‍ മോചിതനാക്കണമെന്ന ശുപാര്‍ശയുള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com