മുന്‍ ഐഎസ്‌ഐ മേധാവി; ഇമ്രാന്‍ ഖാന്റെ കണ്ണിലെ കരട്; ലഫ്. ജനറല്‍ അസിം മുനീര്‍ പാക് സൈനിക മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 02:43 PM  |  

Last Updated: 24th November 2022 02:43 PM  |   A+A-   |  

asim_munir

ലഫ്. ജനറല്‍ അസിം മുനീര്‍


ഇസ്ലാമാബാദ്: ലഫ്റ്റനന്റ് ജനറല്‍ അസിം മുനിര്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി. നിലവിലെ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വ ഡിസംബറില്‍ സ്ഥാനമൊഴിയുന്നതോടെ, മുനീര്‍ സ്ഥാനമേറ്റെടുക്കും. 

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ മേധാവിയായും മുനീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് മുനിര്‍ ഐഎസ്‌ഐ മേധാവിയായി ചുമതയേല്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശ പ്രകാരം അസിം മുനീര്‍ ഐഎസ്‌ഐ തലപ്പത്ത് നിന്ന് രാജിവച്ചിരുന്നു. 

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ കുടുംബം നിരവധി അഴിമതികളില്‍ പങ്കാളികളായിട്ടുണ്ടെന്ന വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു അസിമിനെ സ്ഥാനത്ത് നിന്ന് നീക്കിയത്. തനിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ, ലോങ് മാര്‍ച്ചിനിടെ വെടിവെപ്പുണ്ടായതില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിക്കുമ്പോഴാണ്, മുനിറിനെ പുതിയ സൈനിക മേധാവിയായി നിയമിച്ചിരിക്കുന്നത്.

സ്ഥാനമൊഴിയുന്ന ബാജ്‌വയ്ക്ക് നേരെ വന്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ബാജ്‌വയുടെയും കുടുംബത്തിന്റെയും സ്വത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധനവ് ഉണ്ടായതിന്റെ കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുക്കുന്ന ആലോചനയില്‍ നിന്ന് പാക് സര്‍ക്കാര്‍ പിന്നോട്ടുപോവുകയായിരുന്നു. 

യോഗ്യതയും രാജ്യത്തിന്റെ ഭരണഘടനയും നിയമവും അടിസ്ഥാനപ്പെടുത്തിയാണ് മുനിറിനെ പുതിയ സൈനിക മേധാവിയായി തെരഞ്ഞെടുത്തതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ പുതിയ കോവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചവര്‍; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ