അമേരിക്ക, ചൈന, യുകെ, ഫ്രാൻസ്; സുഡാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ അനുമതി, ഇന്ത്യക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം

ഇരു സേനാവിഭാ​ഗങ്ങളും തമ്മിൽ പോരാട്ടം നടക്കുന്ന സുഡാനിൽ വിദേശ പൗരൻമാരെ ഒഴിപ്പിക്കാൻ സൈന്യത്തിന്റെ അനുമതി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

രു സേനാവിഭാ​ഗങ്ങളും തമ്മിൽ പോരാട്ടം നടക്കുന്ന സുഡാനിൽ വിദേശ പൗരൻമാരെ ഒഴിപ്പിക്കാൻ സൈന്യത്തിന്റെ അനുമതി. അമേരിക്ക, ചൈന, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പൗരൻമാരേയും നയതന്ത്ര ഉദ്യോ​ഗസ്ഥരെയും വ്യോമമാർ​ഗം ഒഴിപ്പിക്കാനാണ് സുഡാൻ സൈന്യം അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. 

വരും മണിക്കൂറുകളിൽ സുരക്ഷിതമായ ഒഴിപ്പിക്കൽ നടത്താൻ  ആർമി മേധാവി ഫത്തേ അൽ ബുർഹാൻ അനുമതി നൽകിയതായി സുഡാൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ സൈനിക വിമാനങ്ങളിൽ തലസ്ഥാനമായ ഖാർതൂമിൽ നിന്ന് ഒഴിപ്പിക്കും. 

ഒഴിപ്പിക്കൽ നടപടികൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി യുകെ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തുനിന്നുള്ളവരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചതായി സൗദി അറേബ്യ വ്യക്കമാക്കി. സഹോദര രാഷ്ട്രങ്ങളിലെ പൗരൻമാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ വ്യക്തമാക്കി. 

നിരവധി ഇന്ത്യക്കാരും സുഡാനിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായം തേടി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ഖാർതൂമിലെ ഇന്ത്യൻ എംബസി പ്രശ്നബാധിത മേഖലയിൽ ആയതിനാൽ ഇവിടേക്ക് വരരുതെന്ന് ഇന്ത്യക്കാർക്ക് സുഡാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com